കല്ലട ബസ്സിലെ അതിക്രമം: മനുഷ്യാവകാശ കമ്മീഷൻ ഉടമ സുരേഷ് കല്ലടയെ വിളിച്ചു വരുത്തും

By Web TeamFirst Published Apr 24, 2019, 3:40 PM IST
Highlights

എറണാകുളം ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകേണ്ടത്. ബസ് ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകണം. 

തിരുവനന്തപുരം: കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. എറണാകുളം ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകേണ്ടത്.  ബസ്  ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകണം.

യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മിന്നൽ പരിശോധനാ സ്ക്വാഡുകളെ എല്ലാ ആർടി ഓഫീസിലും നിയമിക്കാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടിരുന്നു. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാൻ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിക്കും. 

ഈ സ്ക്വാഡിനെ അതത് മോട്ടോർ വാഹന ഇൻസ്പെക്ടർമാരാണ് നയിക്കുക. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം മിന്നൽ പരിശോധനകൾ നടത്താനാണ് നിർദ്ദേശം. ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള പ്രത്യേക ലൈസൻസ് എടുക്കാത്ത എല്ലാ സ്ഥാപനങ്ങളുടേയേയും പ്രവർത്തനം അവസാനിപ്പിക്കും. യാത്രക്കാരുടെ ലഗേജിനൊപ്പം കള്ളക്കടത്തും വ്യാപകമാണെന്ന് ആരോപണം ഉയർന്നതിനാൽ അതും പരിശോധിക്കും. പൊലീസിന്‍റെ സഹായം പരിശോധനാ സമയത്ത് തേടാമെന്നും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.

click me!