
കൊച്ചി: യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനവുമായി പൊലീസ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.
യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് രേഖാമൂലം നൽകിയിരിക്കുന്ന നിർദേശം. സമയപരിധി ഇന്നലെ തീർന്നതോടെയാണ് പൊലീസ് അന്ത്യശാസനം നൽകിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.
അതിനിടെ കല്ലട ബസ് സർവീസിനെതിരെ പരാതി പറഞ്ഞ അധ്യാപിക മായ മാധവന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചു. നിരഞ്ജൻ രാജു കുരിയൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഭീഷണിയുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിൽ അനുഭവം പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഭീഷണി.ഇതിനെതിരെ മായാ മാധവൻ പൊലീസിൽ പരാതി നൽകി.
അതേസമയം, ആക്രമണകേസിന്‍റെ കേസിന്‍റെ ഗൗരവ സ്വഭാവം പരിഗണിച്ച് അന്വേഷണം തൃക്കാക്കര എസിപി ഏറ്റെടുത്തു. അസി.കമ്മീഷണറുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ മൊഴിയെടുപ്പ് തുടരുകയാണ്. പരിക്കേറ്റ രണ്ട് യാത്രക്കാർ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഏഴ് പ്രതികള്‍ പിടിയിലായിട്ടുണ്ടെങ്കിലും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.കേസിലെ ഏഴ് പ്രതികളെയും ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam