Asianet News MalayalamAsianet News Malayalam

പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയിൽ

തട്ടിപ്പ് നടക്കുന്ന വേളയിൽ ബാങ്ക് ഭരണസമിതി പ്രസിഡൻ്റായിരുന്നു കെ കെ  അബ്രഹാം. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ഇയാളെ ഇന്നലെ അർധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. 

kpcc general secretary kk abraham in police custody on pulpally bank fraud case apn
Author
First Published May 31, 2023, 9:44 AM IST

കൽപ്പറ്റ : പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറി കെ കെ  അബ്രഹാം കസ്റ്റഡിയിൽ. ഇയാളെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിപ്പ് നടക്കുന്ന വേളയിൽ ബാങ്ക് ഭരണസമിതി പ്രസിഡൻ്റായിരുന്നു കെ കെ  അബ്രഹാം. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ഇയാളെ ഇന്നലെ അർധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. മുൻ ബാങ്ക് സെക്രട്ടറി രമ ദേവിയും പൊലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരന്‍റെ ആത്മഹത്യക്ക് പിന്നാലെയാണ് നടപടികളിലേക്ക് പൊലീസ് കടന്നത്. 

അതിനിടെ, രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയത് തന്‍റെ വ്യാജ ഒപ്പിട്ടാണെന്നാണ് മുൻ വൈസ് പ്രസിഡന്‍റ്  ടി എസ് കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാജേന്ദ്രന്‍ നായരുടെ വീട് തന്‍റെ സര്‍വീസ് ഏരിയിലാണുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ അപേക്ഷ താൻ കണ്ടിട്ടില്ല. സ്ഥലപരിശോധനയുമായി ബന്ധപ്പെട്ട് തന്‍റെ വ്യാജ ഒപ്പിട്ടു. വായ്പാ വിതരണത്തിലെ ക്രമക്കേട് സഹകരണ വകുപ്പിനെ അറിയിച്ചിരുന്നു. തട്ടിപ്പിൽ ഭരണ സമിതി പ്രസിഡൻ്റായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിനോ ജീവനക്കാർക്കോ പങ്കുണ്ടെങ്കിൽ കണ്ടെത്തണം. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും 2016 ൽ വൈസ് പ്രസിന്‍റായിരുന്ന ടിഎസ് കുര്യൻ കൂട്ടിച്ചേർത്തു. 

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ  രാജേന്ദ്രൻ നായർ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് മരിച്ച ജീവനൊടുക്കിയത്. 2016 ൽ രാജേന്ദ്രന്റെ വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങൾ തട്ടിയെടുത്തെന്നായിരുന്നു പരാതി. 
ആറ് വർഷം മുൻപാണ് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഭൂമി പണയം വെച്ച് എൺപതിനായിരത്തോളം രൂപ രാജേന്ദ്രൻ വായ്പയെടുക്കുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ  2019 ൽ  ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു.  25 ലക്ഷം രൂപ വായ്പയുണ്ടെന്നായിരുന്നു നോട്ടിസിൽ. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം രാജേന്ദ്രൻ അറിയുന്നത്. അന്നത്തെ കോൺഗ്രസ് ഭരണ സമിതി തന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാൽ ബാങ്കിൽ പണയം വെച്ച ഭൂമി വിൽക്കാൻ രാജേന്ദ്രനായില്ല. ഈ മനോവിഷമമാണ് 55 വയസുകാരനായ രാജേന്ദ്രന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമായിരുന്നു 2016 ലെ ഭരണ സമിതിയുടെ പ്രസിഡന്റ് രാജേന്ദ്രനെ പോലെ മുപ്പതോളം പേർ പരാതിയുമായി രംഗത്തെത്തിയിരുന്നു. 2022 ആഗസ്റ്റിൽ സഹകരണ വകുപ്പ് ക്രമക്കേട് കണ്ടെത്തുകയും 8 കോടി 30 ലക്ഷം രൂപ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് ഈടാക്കാനും ഉത്തരവായി. ഇത് ചോദ്യം ചെയ്ത് ബാങ്ക് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

 

Follow Us:
Download App:
  • android
  • ios