മൃതദേഹം കാറിന്‍റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി

By Web TeamFirst Published Mar 18, 2019, 12:21 PM IST
Highlights

മലപ്പുറം ജില്ലാ കളക്ടറും മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടും കമ്മീഷൻ റിപ്പോർട്ട് തേടി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മഞ്ചേരി: ആംബുലൻസിന് നല്‍കാൻ പണമില്ലാത്തതിനാല്‍ കര്‍ണ്ണാടക സ്വദേശിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. മലപ്പുറം ജില്ലാ കളക്ടറും മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ മോഹൻകുമാർ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ആംബുലന്‍സ് ചോദിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം. കര്‍ണ്ണാടക ബിദാര്‍ സ്വദേശിയായ 45കാരി ചന്ദ്രകല വെള്ളിയാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍വെച്ച് മരിച്ചത്. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ഇന്നലെ രാവിലെ ബന്ധുക്കളെത്തി. ഇവരുടെ കൈവശം ആവശ്യത്തിന് പണമില്ലെന്ന് വ്യക്തമായ സ്വകാര്യ ആംബുലൻസ് ഡ്രൈവര്‍മാര്‍, ഇന്ധന ചെലവ് മാത്രം നല്‍കിയാല്‍ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു. അതിനുള്ള പണവും ചന്ദ്രകലയുടെ കുടുംബത്തിന് ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ നന്ദകുമാറിനെ കണ്ടത്.

ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി ഫണ്ടില്‍നിന്ന് ആംബുലൻസിന് പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്ത് കാറില്‍ മൃതദേഹം അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. മറ്റ് വഴിയില്ലാതെ വന്നതോടെ ബന്ധുക്കള്‍ അവര്‍ വന്ന കാറിന്‍റെ ഡിക്കിയില്‍ തന്നെ മൃതദേഹം കയറ്റുകയായിരുന്നു. എന്നാല്‍ സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂപ്രണ്ടിന്‍റെ വാദം.

click me!