പ്രവേശനോത്സവം ഇക്കുറി ആലപ്പുഴയിൽ; പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തിയായി. പുതിയ പുസ്തകങ്ങളുടെ പ്രകാശനം ബുധനാഴ്ച

Published : Apr 20, 2025, 06:59 PM IST
പ്രവേശനോത്സവം ഇക്കുറി ആലപ്പുഴയിൽ; പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തിയായി. പുതിയ പുസ്തകങ്ങളുടെ പ്രകാശനം ബുധനാഴ്ച

Synopsis

3.80 കോടി പാഠപുസ്തകങ്ങൾ മേയ് പത്താം തീയ്യതിയോടെ സ്കൂളുകളിൽ എത്തിക്കും. മേയ് 13 മുതൽ അധ്യാപകർക്കുള്ള പരിശീലന പരിപാടികളും ആരംഭിക്കും. 

തിരുവനന്തപുരം: പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കഴിഞ്ഞവർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ സമയബന്ധിതമായി വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ 238 ടൈറ്റിൽ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ 205 ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ് രണ്ടുവർഷംകൊണ്ട് പരിഷ്‌കരിച്ചത്. സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
 

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്.

തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാർപ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, പ്ലംബിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.  

മെയ് മാസം പത്താം തീയതിയോടു കൂടി 3.8 കോടി പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിച്ചേരും.സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മെയ് 13 മുതൽ പരിശീലന പരിപാടികൾ ആരംഭിക്കും. പരിശീലനത്തിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍