നിർണായക ചുവടുവയ്പ്പ്, സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് അനുമതി; അധിക സാമ്പത്തിക ബാധ്യതയില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു

Published : Jul 18, 2026, 10:51 PM IST
M LIJU

Synopsis

സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കേരളത്തിൽ പ്രവർത്തനാനുമതിയായെന്ന് എക്സൈസ് മന്ത്രി എം ലിജുവിന്റെ പ്രഖ്യാപനം. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ, നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചാണ് 389 തസ്തികകളോടെ ബ്യൂറോ രൂപീകരിക്കുന്നത്

തിരുവനന്തപുരം: സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതിയായതായി എക്സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ വകുപ്പിലെ നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചും ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ നൽകിയുമാണ് ബ്യൂറോയുടെ പ്രവർത്തനങ്ങൾ നടക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സുഗമമായ പ്രവർത്തനത്തിനായി ആകെ 389 തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള 367 തസ്തികകൾ പുനർവിന്യസിച്ചും 22 തസ്തികകൾക്ക് അധിക ചുമതലകൾ നൽകിയുമാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. സംസ്ഥാനത്തെ ലഹരി - മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾക്ക് വേണ്ടി എക്സൈസിൽ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അനുവദിച്ച് നേരത്തെ ഉത്തരവായിരുന്നു. അതിൻ്റെ തുടർച്ചയായാണ് പുതിയ നടപടി. എക്സൈസ് കമ്മീഷണർ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തലവനായി പ്രവർത്തിക്കും. തിരുവനന്തപുരം എക്സൈസ് കമ്മീഷണറേറ്റാണ് ബ്യൂറോയുടെ ആസ്ഥാനമായി ഉണ്ടാകുക. സംസ്ഥാനതല സംവിധാനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാ ഓപ്പറേഷൻസ് യൂണിറ്റുകളും ജില്ലാ ഇന്റലിജൻസ് യൂണിറ്റുകളും ഉണ്ടാകും.

മന്ത്രിയുടെ കുറിപ്പ്

കേരളത്തെ അടിമുടി ലഹരിമുക്തമാക്കുകയെന്ന ദൗത്യം ഏറ്റെടുത്താണ് സംസ്ഥാന എക്സൈസ് വകുപ്പ് ജനകീയ കർമപദ്ധതിയായ 'മയങ്ങില്ല കേരളം' ആരംഭിച്ചത്. സാമ്പത്തികലാഭം ലക്ഷ്യമിട്ട് നമ്മുടെ യുവതലമുറയെയാകെ ഇരുട്ടിലേക്ക് തള്ളിവിടുന്ന ലഹരിമാഫിയയുടെ വേരറുക്കാനുള്ള ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതിന്റെ ഭാഗമായി നിർണായക ചുവടുവെയ്പ്പാണ് ഇപ്പോൾ എക്സൈസ് വകുപ്പ് നടത്തിയിരിക്കുന്നതെന്ന പ്രധാനപ്പെട്ട വിവരമാണ് പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കാനുള്ളത്. സംസ്ഥാനത്തെ അബ്കാരി, നർക്കോട്ടിക് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി തടയുന്നതിനും സംഘടിത മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി എക്സൈസിൽ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അനുവദിച്ച് നേരത്തെ ഉത്തരവായിരുന്നു. അടുത്ത പടിയെന്നോണം, എക്സൈസ് വകുപ്പിലെ നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചും ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ നൽകിയും സ്റ്റേറ്റ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇപ്പോൾ അനുമതിയായിരിക്കുകയാണ്. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ ഇതിനായി 367 തസ്തികകൾ പുനർവിന്യസിക്കുകയും 22 തസ്തികകൾക്ക് അധിക ചുമതലകൾ നൽകുകയും ചെയ്ത് ആകെ 389 തസ്തികകൾ അനുവദിച്ചിട്ടുണ്ട്. എക്സൈസ് കമ്മീഷണർ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തലവനായി പ്രവർത്തിക്കും. തിരുവനന്തപുരം എക്സൈസ് കമ്മീഷണറേറ്റിലായിരിക്കും ബ്യൂറോയുടെ ആസ്ഥാനം. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം കൂടുതൽ ശാസ്ത്രീയവും സാങ്കേതികവിദ്യാധിഷ്ഠിതവും ഏകോപിതവുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ രൂപീകരണം. ഉദ്യോഗസ്ഥരുടെ പുനർവിന്യാസം അടിയന്തരമായി പൂർത്തിയാക്കി ബ്യൂറോയുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുമുണ്ട്.

അഡീഷണൽ എക്സൈസ് കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ എന്നിവർക്ക് ബ്യൂറോയിലെ അനുബന്ധ അധിക ചുമതലകളും നൽകിയിട്ടുണ്ട്. സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഹെഡ്ക്വാർട്ടേഴ്സ് യൂണിറ്റിൽ ഓപ്പറേഷൻസ് വിംഗ്, ഇന്റലിജൻസ് വിംഗ്, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് വിംഗ് എന്നിവ പ്രവർത്തിക്കും. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും സംഘടിത കുറ്റകൃത്യ ശൃംഖലകളെ നിരീക്ഷിക്കുന്നതിനും ശാസ്ത്രീയമായ അന്വേഷണം നടത്തുന്നതിനും ഈ വിഭാഗങ്ങൾ ഏകോപിതമായി പ്രവർത്തിക്കും. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് മുഖേന മയക്കുമരുന്ന് സംബന്ധമായ വിവരങ്ങളുടെ വിശകലനവും കുറ്റകൃത്യ പ്രവണതകളുടെ പഠനവും ശക്തിപ്പെടുത്തും. സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് വിംഗ് വഴി സൈബർ നിരീക്ഷണം, ഡിജിറ്റൽ അന്വേഷണങ്ങൾ, സാങ്കേതിക വിവരശേഖരണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും.

സൈബർ സുരക്ഷ, എതിക്കൽ ഹാക്കിംഗ്, ഡിജിറ്റൽ ഫോറൻസിക്‌സ്, ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള ഐ.ടി. വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ, വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരുടെ സന്നദ്ധ ശൃംഖല രൂപീകരിച്ച് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

സംസ്ഥാനതല സംവിധാനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാ ഓപ്പറേഷൻസ് യൂണിറ്റുകളും ജില്ലാ ഇന്റലിജൻസ് യൂണിറ്റുകളും പ്രവർത്തിക്കും. ജില്ലാ തലത്തിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാർക്ക് ഓപ്പറേഷൻസ് വിഭാഗത്തിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡുകളിലെയും മറ്റ് യൂണിറ്റുകളിലെയും ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ലഹരിമുക്ത കേരളത്തിനായുള്ള പോരാട്ടത്തിൽ നമുക്ക് ഒന്നിച്ച് അണിനിരക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉമ്മൻ ചാണ്ടിയെ തകർക്കാനുള്ള അന്നത്തെ ഗൂഢാലോചനയിൽ ഞാൻ പങ്കുകാരനല്ല, മാതൃകാപുരുഷനെന്നും അനുസ്മരിച്ച് ജി സുധാകരൻ
തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം; വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ട് മുൻ മന്ത്രി വി ശിവൻകുട്ടി