
തിരുവനന്തപുരം: വ്യവസായവും അക്കാദമിക രംഗവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശികമായ നൂതന സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും ലക്ഷ്യമിട്ട് ട്രസ്റ്റ് റിസർച്ച് പാർക്കും മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും ധാരണപത്രം ഒപ്പുവച്ചു. എം ബി സി ഇ ടി ക്യാമ്പസിൽ സംസ്ഥാനത്തെ ആദ്യ ട്രസ്റ്റ് സാറ്റലൈറ്റ് സെൻറർനാണ് ഇതോടെ തുടക്കമാകുന്നത്.
ട്രസ്റ്റ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് റിസർച്ച് പാർക്ക് സിഇഒ ഡോ. രാജശ്രീ എം എസും എംബിസിഇടി പ്രിൻസിപ്പാൾ ഡോക്ടർ എസ് വിശ്വനാഥ റാവുവും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ സഹകരണം നൂതന ആശയങ്ങൾക്കും ഗവേഷണങ്ങൾക്കും പുതിയൊരു വഴിത്തിരിവാകും. നൂതനമായ സഹകരണങ്ങൾക്ക് സാറ്റലൈറ്റ് സെന്റർ പ്രധാന പങ്കുവഹിക്കുമെന്നും പ്രാദേശികമായ സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും തദ്ദേശീയമായി ഒരു കേന്ദ്രമായി ഇതു മാറുമെന്നും സാറ്റെലൈറ് സെന്ററിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഡോ. എം എസ് രാജശ്രീ പറഞ്ഞു.
ചടങ്ങിൽ ട്രസ്റ്റ് ചെയർമാനും എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. (ഡോ.) സാബു തോമസ് അധ്യക്ഷത വഹിച്ചു. പഠന-വ്യാവസായിക അന്തരം കുറയ്ക്കുന്നതിനും സംരംഭകത്വത്തിനും വിജ്ഞാന കൈമാറ്റത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കാൻ അക്കാദമിക് സ്ഥാപനങ്ങളിൽ സാറ്റലൈറ്റ് സെൻററുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിലെ ഗവേഷണങ്ങൾക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള നൂതന സംരംഭങ്ങൾക്കും പുതിയൊരു വഴിത്തിരിവാകും ഈ സഹകരണമെന്നു ഡോ. എസ് വിശ്വനാഥ റാവു അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam