
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സംഘാടകര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. ഇൻക്ലൂസീവ് അത്ലറ്റിക്സിൽ 100 മീറ്റർ മത്സരത്തിൽ കുട്ടികളുടെ കയ്യിലെ ടെതർ പൊട്ടി വിദ്യാർത്ഥികൾ മത്സരത്തിൽ നിന്ന് അയോഗ്യരാക്കപെട്ടത്തോടെയാണ് പരാതി ഉയർന്നത്. ടെതർ പൊട്ടിയ വിദ്യാർത്ഥികളെ ഫൈനലിൽ പ്രവേശിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. സാധാരണ സ്കൂള്‍ ബാഗിന് ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ടെതര്‍ ആണ് സംഘാടകര്‍ നൽകിയതെന്നും അതിനാലാണ് പൊട്ടിയതെന്നും രക്ഷിതാവ് സാദിക്കലി പറഞ്ഞു. ഫിനിഷ് ലൈനിന്‍റെ സമീപത്ത് വെച്ചാണ് ടെതര്‍ പൊട്ടിയത്. ടെതര്‍ പൊട്ടിയ ആളുകളെയും ഫൈനലിന് പരിഗണിക്കണമെന്നും ഇത്രയും നിലവാരമില്ലാത്ത സാധനം ഉപയോഗിച്ച് അയോഗ്യരാക്കപ്പെടുന്നത് സങ്കടകരമായ കാര്യമാണെന്നും രക്ഷിതാവ് സാദിക്കലി പറഞ്ഞു. ടെതര്‍ പൊട്ടികഴിഞ്ഞാൽ പിന്നെ ഗൈഡ് റണ്ണറുടെ കൈ പിടിച്ച് ഓടുക മാത്രമാണ് വഴിയുള്ളത്. എന്നാൽ കൈപിടിച്ച് ഓടാൻ നോക്കിയപ്പോള്‍ പരിക്കേറ്റെന്നും എങ്ങനെയൊ ഓടി ഫിനിഷ് ചെയ്യുകയായിരുന്നുവെന്നും മത്സരാര്‍ത്ഥിയായ മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ഇതിനിടെ, സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഗെയിംസ് മത്സരം ആരംഭിച്ചപ്പോള്‍ നീന്തലിൽ തിരുവനന്തപുരം മൂന്ന് സ്വര്‍ണം നേടി. ആൺകുട്ടികളുടെ 400 മീറ്റർ ഫ്രീ സ്റ്റൈൽ ഇനത്തിലാണ് തിരുവനന്തപുരത്തിന്‍റെ നേട്ടം. പെൺകുട്ടികളുടെ 400 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ പാലക്കാടിനാണ് സ്വര്‍ണം. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഇൻക്ലൂസീവ് മത്സരങ്ങളോടെയാണ് ഇന്ന് സംസ്ഥാന സ്കൂള്‍ കായികമേളക്ക് തുടക്കമായത്. അത്‍ലറ്റിക്സ് മത്സരങ്ങൾ രാവിലെ ഏഴിനാണ് മുഖ്യവേദിയായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടങ്ങിയത്. വിവിധ ഗെയിംസ് മത്സരങ്ങളാണ് ഇന്ന് മുതൽ നടക്കുന്നത്.
സ്കൂൾ കായികമേളയിൽ എല്ലാ മത്സരങ്ങളും ഒരുമിച്ച് നടത്തുന്നത് യുവതാരങ്ങൾക്ക് ഏറെ പ്രചോദനമാകുമെന്ന് ഐ.എം വിജയൻ പറഞ്ഞു. ഇന്ത്യയുടെ ഭാവി താരങ്ങളെ കണ്ടെത്തുന്നത് ഇത്തരം മേളകളിൽ നിന്നാണെന്നും വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരവും ഇതോടൊപ്പം തന്നെ നടത്തുന്നത് അവര്‍ക്കും വലിയ പ്രചോദനമാണെന്നും അവരെയും നമ്മള്‍ ചേര്‍ത്തുപിടിക്കുകയാണെന്നും ഐഎം വിജയൻ പറഞ്ഞു.