
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനം വൈകുന്നതിനെതിരെ വിമർശനവുമായി സംസ്ഥാന സെകട്ടറി ജഷീർ പള്ളി വയൽ. പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കണമെന്ന് ജഷീർ പള്ളി വയൽ ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയാണെന്നും ജഷീർ പള്ളി വയൽ പോസ്റ്റിൽ വിമർശിക്കുന്നു. യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. സംഭവം കഴിഞ്ഞ് ആഴ്ച്ചകൾ പിന്നിട്ടിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. നേരത്തെ, തർക്കം ഒഴിവാക്കാൻ ഫോർമുലയുമായി എ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെ പ്രസിഡന്റ് ആക്കാനും നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമായിരുന്നു നിർദ്ദേശം. കെസി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണമെന്ന് എ ഗ്രൂപ്പ് നിര്‍ദേശിച്ചിരുന്നു. എ ഗ്രൂപ്പിന്റെ ഫോർമുലയിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾ കൂടിയാലോചന നടത്തിയെങ്കിലും തീരുമാനത്തിലെത്താനായില്ലെന്ന് വ്യക്തമാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ യുവതികളുടെ പിറകിൽ നടന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ തുടരുകയാണ്. നിലവിൽ ആറ് പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്. ഇതേവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകളോ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് പിന്തുണ നൽകുന്നത്. എന്നാല്‍, വിശദീകരണം പോലും ചോദിക്കാതെ സസ്പെന്‍ഡ് ചെയ്തതിലെ അതൃപ്തിയിലാണ് എ ഗ്രൂപ്പ്. ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുത്ത് മാറി നിൽക്കുന്നതാണ് വിഷയത്തിൽ ഭരണപക്ഷത്തിന്‍റെ വായടിപ്പിക്കാൻ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam