സാജന്‍റെ ആത്മഹത്യ: തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിലുറച്ച് പി കെ ശ്യാമള, മൊഴിയെടുത്തു

By Web TeamFirst Published Jul 9, 2019, 8:05 PM IST
Highlights

വൈകിട്ട് നാലേകാലോടെയാണ് അപ്രതീക്ഷിതമായി അന്വേഷണ സംഘത്തലവനായ നാർക്കോട്ടിക് ഡിവൈഎസ്‍പി അടക്കമുള്ള അന്വേഷണ സംഘം നഗരസഭാ ഓഫീസിലെത്തിയത്.

കണ്ണൂർ: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ അന്വേഷണ സംഘം ആന്തൂർ നഗരസഭാ അധ്യക്ഷ  പി കെ ശ്യാമളയുടെ മൊഴിയെടുത്തു. നഗരസഭാ ഓഫീസിൽ എത്തിയായിരുന്നു രണ്ട് മണിക്കൂറോളം നീണ്ട മൊഴിയെടുക്കൽ. കേസിൽ ഇതുവരെ ആരെയും പ്രതി ചേർക്കാനുള്ള തെളിവുകൾ പൊലീസിന് കിട്ടിയിട്ടില്ല. തനിക്കെതിരെയുള്ള എല്ലാ ആരോപണവും കെട്ടിച്ചമച്ചതാണെന്ന് പി കെ ശ്യാമള പ്രതികരിച്ചു.

നാലേ പത്തിനായിരുന്നു അപ്രതീക്ഷിതമായി അന്വേഷണ സംഘത്തലവനായ നാർക്കോട്ടിക് ഡിവൈഎസ്‍പി അടക്കം അന്വേഷണ സംഘം നഗരസഭാ ഓഫീസിലെത്തിയത്. നേരത്തെ ലഭിച്ച മൊഴികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പി കെ ശ്യാമളയിൽ നിന്നും മൊഴിയെടുത്തത്.  രണ്ട് മണിക്കൂറിലധികം മൊഴിയെടുക്കൽ നീണ്ടു. 

കൺവെൻഷൻ സെന്‍ററിന്‍റെ അനുമതികൾ വൈകിയതിൽ ഉദ്യോഗസ്ഥ തലത്തിലെ നടപടികളിൽ താമസമുണ്ടായെന്ന് പൊലീസ് കണ്ടെത്തിയരുന്നെങ്കിലും പ്രതി ചേർക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടില്ല.  സാജന്‍റെ കുറിപ്പിൽ പരാമർശമോ മറ്റോ ഇല്ലാത്തതിനാൽ പി കെ ശ്യാമളയെയും പ്രതി ചേർക്കുന്നതിൽ നിലവിൽ തടസ്സമുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും ആരെയെങ്കിലും പ്രതി ചേർക്കുന്നതടക്കമുള്ള നടപടികൾ.  മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷം പി കെ ശ്യാമള പറഞ്ഞതിങ്ങനെ: 

''ഞാനുമായി ബന്ധപ്പെടുത്തി ഉണ്ടായ ആരോപണങ്ങളൊന്നും ഞാൻ അറിഞ്ഞതല്ല, എനിക്കറിയില്ല. മനസാ വാചാ വിചാരിക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ആരോപണങ്ങളെല്ലാം ഞാൻ നിഷേധിക്കുകയാണ്. എനിക്ക് ഈ ആത്മഹത്യയിൽ ഒരു പങ്കുമില്ലെന്ന് തന്നെയാണ് ഞാൻ മൊഴി കൊടുത്തത്. അവർ ചോദിച്ച എല്ലാ കാര്യങ്ങൾക്കും ഞാൻ മറുപടി കൊടുത്തിട്ടുണ്ട്''

സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മറ്റ് രേഖകളെന്തെല്ലാം എടുക്കാനാകും എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിന്‍റെ ഫോൺ രേഖകളടക്കം ശേഖരിച്ചാണ് പരിശോധന തുടരുന്നത്. 

click me!