പരിചാരകരില്ലാതെ പത്മനാഭ സ്വാമി ക്ഷേത്ര ഗോശാല; നരകിച്ച് പശുക്കൾ; പരിശോധിക്കുമെന്ന് മന്ത്രി

By Web TeamFirst Published Jul 9, 2019, 8:00 PM IST
Highlights

കഴിഞ്ഞ ദിവസമാണ് ഇവിടെ 11 ദിവസം പ്രായമുള്ള പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നത്. മറ്റ് പശുക്കളും ദുരിതത്തിലാണ്.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വകാര്യ ഗോശാലയുടെ പ്രവർത്തനം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗോശാലയ്ക്ക് പ്രവർത്തനാനുമതിയുണ്ടോയെന്നും പരിശോധിക്കും. നായ്ക്കളുടെ കടിയേറ്റ് പശുക്കുട്ടി ചത്ത സംഭവത്തെ തുടർന്ന് ഗോശാല സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭൂമിയിൽ കുതിരമാളികയ്ക്ക് സമീപത്താണ് സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാല. ക്ഷേത്രത്തിലേക്ക് പാല് കൊടുക്കാനായാണ് ഗോശാല തുടങ്ങിയത്. എന്നാൽ, മേൽക്കൂര പോലുമില്ലാതെ ശോചനയീവസ്ഥയിലാണ് ഗോശാല ഇപ്പോൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ 11 ദിവസം പ്രായമുള്ള പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുക്കൊന്നത്. മറ്റ് പശുക്കളും ദുരിതത്തിലാണ്.

19 പശുക്കളും 17 കിടാങ്ങളുമാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇവയ്ക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടാറില്ല. പരിചാരകരുമില്ല. മുമ്പ് 15 ലിറ്റ‌ർ പാല് കിട്ടിയിരുന്നിടത്ത് ഇപ്പോൾ നാല് ലിറ്റർ മാത്രമാണ് കിട്ടുന്നത്. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പശുക്കളെ ക്ഷേത്രത്തിന് കൈമാറാൻ തയ്യാറാണെന്നും ട്രസ്റ്റ് അംഗം വിജയകൃഷ്ണൻ പറഞ്ഞു.

click me!