
ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ് സതീഷ് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായത്. കോഴ ഓഫീസിലെ മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാനുള്ളതെന്ന് മൊഴി നൽകിയിരിക്കുകയാണ് എസ് സതീഷ്. അമ്പലമ്പുഴ ആർടിഒ എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് എസ് സതീഷ്.
സതീഷിൻ്റെ കോൾ രേഖകൾ വിജിലൻസ് പരിശോധിക്കുകയാണ്. കോഴ വാങ്ങാൻ ഇടനില നിന്ന ഏജൻ്റ് സജിൻ ഫിലിപ്പോസും പിടിയിലായിട്ടുണ്ട്. ദേശീയപാത നിർമാണത്തിലെ മറ്റ് കരാറുകാരോടും സതീഷ് കോഴ ചോദിച്ചു. മണ്ണ് കൊണ്ടുവരുന്ന ഒരു ലോറിക്ക് 3000 രൂപ വീതമാണ് കൈക്കൂലി ചോദിച്ചത്. അമിത ഭാരത്തിന് നടപടി എടുക്കാതിരിക്കാൻ വേണ്ടിയാണ് കോഴ ആവശ്യപ്പെട്ടത്. വില പേശലിനൊടുവിൽ ഇത് ആയിരം ആക്കി കുറക്കുകയായിരുന്നു.
ദേശീയ പാത നിർമാണത്തിൻ്റെ ഉപകരാറുകാരനിൽ നിന്ന് 25,000 രൂപ വാങ്ങവേയാണ് വിജിലന്‍സ് ഇയാളെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി. കഴിഞ്ഞ ദിവസം കരാറുകാരന്‍റെ രണ്ട് വാഹനങ്ങൾ പിടികൂടി 20,000 രൂപ പിഴയിട്ടിരുന്നു. ഇതിന് ശേഷമാണ് കൈക്കൂലി ചോദിച്ചത്.
ആലപ്പുഴ സ്വദേശിയും പരാതിക്കാരനുമായ പൊതുമരാമത്ത് കരാറുകാരന്റെ രണ്ടു ടോറസ് ലോറികള്‍ അമിതഭാരം കയറ്റി മെറ്റലുമായി പോകവേ എഎംവിഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍ഫോര്‍സ്മെന്‍റ് വിഭാഗം ദിവസങ്ങള്‍ക്കു മുന്‍പ് പിടികൂടിയിരുന്നു. പിടികൂടിയ ലോറികള്‍ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറാതിരിക്കാനായിരുന്നു സതീഷ് കൈക്കൂലി ആവശ്യപ്പെട്ടത്.
പണം ഏജന്റ് ആയ സജിന്‍ ഫിലിപ്പോസിനെ എല്പിക്കണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരനായ കരാറുകാരന്‍ ഈ വിവരം വിജിലന്‍സിന്‍റെ കിഴക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് വിജി വിനോദ് കുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി തിങ്കളാഴ്ച വൈകിട്ട് 6.30 ഓ -ടെ അമ്പലപ്പുഴ ദേശീയപാതയില്‍ വച്ച് പണം വാങ്ങവേ ഇരുവരെയും കൈയോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലന്‍സ് കോടതി മുന്‍പാകെ ഹാജരാക്കും.
വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പിയെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ പ്രശാന്ത്കുമാര്‍, മഹേഷ്‌കുമാര്‍, രാജേഷ് എന്നിവരും എസ്ഐമാരായ സ്റ്റാന്‍ലി തോമസ്, ബസന്ത്, ജയകുമാര്‍ എന്നിവരും സിപിഒമാരായ ശ്യാം, സുധീഷ്, ഷിജു, സനില്‍, ലിജു, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.
ടോറസ് വണ്ടിയിൽ അമിത ഭാരം കയറ്റി മെറ്റൽ, കാശ് വീഴണം കീശയിൽ, ആലപ്പുഴയിൽ എഎംവിഐ കുടുങ്ങിയത് ഇങ്ങനെ..
പിടികൂടിയ കോഴപ്പണം വീതിക്കാനുള്ളതെന്ന് അറസ്റ്റിലായ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥൻ. വീഡിയോ...