
ഹർത്താൽ ദിനത്തിൽ ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ച സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശിയായ ശിവൻ. ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ലോട്ടറി എടുത്തപ്പോൾ ശിവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല സ്ത്രീശക്തിയുടെ ഒന്നാം സമ്മാനം തനിക്ക് ലഭിക്കുമെന്ന്. എസ്‌വൈ 170457 എന്ന ടിക്കറ്റിലൂടെയാണ് 70 ലക്ഷത്തിന്റെ ഭാഗ്യം ശിവനെ തേടി എത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് ചെട്ടിക്കുളങ്ങര ഈരേഴ തെക്കതിൽ താമസിക്കുന്ന ശിവനും ഭാര്യ ഓമനയും കൂടി ക്ഷേത്ര ദർശനത്തിന് പോയത്. പോകുന്നവഴിയിൽ സ്ഥിരം കാണാറുള്ള ലോട്ടറിക്കാരനെ കണ്ടു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വില്പനക്കാരന്റെ അവസ്ഥ അറിഞ്ഞ ഓമന ഭാഗ്യക്കുറി എടുക്കാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് ശിവൻ പറയുന്നു.
"ജോലി ഇല്ലെന്നറിഞ്ഞാണ് ഇന്നലെ രാവിലെ ഭാര്യക്കൊപ്പം ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ പോകാൻ തീരുമാനിച്ചത്. പോകുന്ന വഴിക്ക് ഒരാൾ ജോലി ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ജോലിക്ക് പോകാൻ നിന്നപ്പോഴാണ് ലോട്ടറിക്കാരൻ വന്നത്. അയാളുടെ വിഷമതകൾ അറിഞ്ഞ ഭാര്യ എന്നോട് ലോട്ടറി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ക്ഷേത്രത്തിൽ പോകാതെ ഞാൻ ജോലിക്ക് പോയി"-ശിവൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
മൂന്ന് ടിക്കറ്റുകളാണ് ശിവൻ ഇന്നലെ എടുത്തത്. ടിക്കറ്റ് എടുത്തപ്പോൾ ചെറിയൊരു പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നുവെന്നും ശിവൻ പറയുന്നു. പരിചയക്കാരൻ വഴിയാണ് നറുക്ക് വീണ കാര്യം ശിവൻ അറിഞ്ഞത്."വൈകുന്നേരം കവലയിൽ ഇരുന്നപ്പോൾ പരിചയക്കാരൻ നീ എടുത്ത നമ്പർ ഏതാടാന്ന് ചോദിച്ചു. ഞാൻ നമ്പർ പറഞ്ഞ് കൊടുത്തു. ആദ്യം ലോട്ടറി അടിച്ചുവെന്ന് വിശ്വസിച്ചില്ല. തിരികെ വീട്ടിലെത്തി ഒന്നുകൂടി നോക്കിയപ്പോഴാണ് സംഗതി ഉള്ളതാണെന്ന് മനസിലായത്"ശിവൻ പറഞ്ഞ് നിർത്തി.
ഒന്നാം സമ്മാനം ലഭിച്ചുവെങ്കിലും ഇനിയും ഭാഗ്യം പരീക്ഷിക്കാൻ ശിവൻ തയ്യാറാണ്. "ഇന്നും ഞാൻ മൂന്ന് ടിക്കറ്റ് എടുത്തു. എപ്പോഴാണ് ഭാഗ്യം തെളിയുന്നതെന്ന് അറിയാൻ സാധിക്കില്ലല്ലോ" ശിവൻ പറയുന്നു. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ശിവന് ഏതാനും മാസങ്ങൾക്ക് മുമ്പ് ലോട്ടറി ടിക്കറ്റിലൂടെ 500 രൂപ ലഭിച്ചിരുന്നു. അതും സ്ത്രീശക്തി ഭാഗ്യക്കുറി ആയിരുന്നു.
കഴിഞ്ഞ 35 വർഷമായി വീടുകളുടെ വാർപ്പ് ജോലികൾക്ക് പോയി ഉപജീവന മാർഗം തേടുന്ന ശിവനും കുടുംബവും നാല് സെന്റിലെ ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. സമ്മാനത്തുക കൊണ്ട് നല്ലൊരു വീട് വയ്ക്കണമെന്നും ഇളയമകൻ പ്രവീണിന് സ്ഥലം വാങ്ങി വീടുവച്ച് നൽകണമെന്നുമാണ് ശിവന്റെ ആഗ്രഹം. പ്രവീണും ഭാര്യയും വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. മൂത്തമകൻ പ്രമോദ് ഡ്രൈവറായി ജോലി നോക്കുകയാണ്. ഇയാളും വിവാഹിതനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam