
കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവനെതിരെ രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ അന്വേഷണം തുടങ്ങി. വാര്‍ത്ത പുറത്ത് വിട്ട ഹിന്ദി ചാനല്‍ സംഘത്തിന്‍റെ മൊഴി കോഴിക്കോട് നോർത്ത് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നാളെ ദില്ലിയില്‍ രേഖപ്പെടുത്തും.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസാണ് എം കെ രാഘവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നോര്‍ത്ത് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. അഴിമതി നിരോധന നിയമപ്രകാരവും, ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പുതിയ അന്വേഷണത്തിന്‍റെ ആദ്യഘട്ടം ടി വി നയന്‍ ഭാരത് വര്‍ഷ് ചാനല്‍ വാര്‍ത്താ വിഭാഗം മേധാവിയുടെയും, ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ റിപ്പോര്‍ട്ടര്‍മാരുടെയും മൊഴിയെടുക്കും.
അന്വേഷണ സംഘം ദില്ലിയില്‍ നാളെ മൊഴി രേഖപ്പെടുത്തും. വാസ്തവ വിരുദ്ധമായ യാതൊന്നും വാര്‍ത്തയിലില്ലെന്നും, ഇന്ത്യയൊട്ടാകെ അഴിമതിക്കാരായ ജനപ്രതിനിധികള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു റിപ്പോര്‍ട്ടിംഗ് എന്നുമാണ് ചാനല്‍ സംഘം ആദ്യം മൊഴി നല്‍കിയിരുന്നത്. ദില്ലിയില്‍ നിന്ന് തിരികെയെത്തുന്ന അന്വേഷണ സംഘം എം കെ രാഘവന്‍റെ മൊഴി വീണ്ടുമെടുക്കും. താന്‍ പറഞ്ഞ കാര്യങ്ങളല്ല വാര്‍ത്തയിലുള്ളതെന്നും, സംഭാഷണം ഡബ്ബ് ചെയത് ചേര്‍ത്തതാണെന്നുമാണ് രാഘവന്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.
കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. വ്യവസായ സംരഭകരെന്ന് പരിചയപ്പെടുത്തിയ ചാനല്‍ സംഘം വാഗ്ദാനം ചെയ്ത അഞ്ച് കോടി രൂപ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് സ്വീകരിക്കാന്‍ സന്നദ്ധതയറിയിച്ചതും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദ്യം നല്‍കിയിരുന്നെന്നുമുള്ള ഒളിക്യാമറ ദൃശ്യങ്ങളിലെ സംഭാഷണമാണ് കേസിന് ആധാരം.
ഇതേത്തുടർന്ന് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് എം കെ രാഘവനെതിരെ പൊലീസും കേസെടുക്കുന്നത്. ഇത് ചട്ടവിരുദ്ധമാണെന്നും ഇടത് സർക്കാരിന്‍റെ പ്രതികാര നടപടിയാണെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam