മുത്തൂറ്റ് സമരം: എംഡിയുടെ വാഹനത്തിന് നേരെ കല്ലേറ്; ജോര്‍ജ് അലക്സാണ്ടറിന് പരിക്ക്

By Web TeamFirst Published Jan 7, 2020, 9:40 AM IST
Highlights

കൊച്ചി ഐജി ഓഫീസിന് മുന്നിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നു. ജോര്‍ജ് അലക്സാണ്ടറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞെന്ന് മുത്തൂറ്റ് പിആർഒ

കൊച്ചി: മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന്‍റെ വാഹനത്തിന് നേരെ കല്ലേറ്. ഇന്ന് രാവിലെയായിരുന്നു സംഭവം. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി ഐജി ഓഫീസിന് മുന്നിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നു. ജോര്‍ജ് അലക്സാണ്ടറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞെന്ന് മുത്തൂറ്റ് പിആർഒ ആരോപിച്ചു.

കൊച്ചിയിലെ കോർപറേറ്റ് ഓഫീസിൽ ഇന്നലെ ജീവനക്കാരെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംഡിക്ക് നേരെ കല്ലേറുണ്ടായിരിക്കുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് മാനേജ്മെന്റ് ജീവനക്കാരെ പിരിച്ചുവിട്ടെന്നാരോപിച്ച് മുത്തൂറ്റിൽ സമരം വീണ്ടും ആരംഭിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സമരത്തിലാണ്.  

43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. നേരത്തെ നടന്ന സമരത്തില്‍ ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകൾ മാനേജ്മെന്റ് ലംഘിച്ചെന്നും സർക്കാർ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നും എളമരം കരീം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പണത്തിന്‍റെ ഹുങ്കിൽ മാനേജ്മെന്‍റിന് എന്തുമാകാമെന്ന് നിലപാടാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

മാനേജ്മെന്റുമായുണ്ടാക്കിയ സേവന വേതന കരാർ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. ആഗസ്റ്റ് 20 ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒക്ടോബർ പത്തിന് സമരം അവസാനിപ്പിച്ചത്. ഹൈക്കോടതി നിരീക്ഷകന്‍റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുക, താൽക്കാലികമായി 500 രൂപ ശമ്പളം വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.

click me!