വിവാഹം വേണ്ടെന്നുവെച്ച വിഎസിന്റെ ജീവിതത്തിലേക്ക് വസുമതി വന്ന കഥ!

Published : Jul 21, 2025, 07:22 PM IST
 vs-achuthanandan_

Synopsis

കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെയും വസുമതിയമ്മയുടെയും വിവാഹത്തിന്റെ കഥ പറയുന്നു. 

'കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയില്‍ കൊച്ചുതറയില്‍ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18നു ഞായറാഴ്ച പകല്‍ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വച്ചു നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ തദവസരത്തില്‍ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താല്‍പര്യപ്പെടുന്നു. വിധേയന്‍, എന്‍.ശ്രീധരന്‍.

ജോയിന്റ് സെക്രട്ടറി, കമ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി.

അമ്പത്തിമൂന്ന് വര്‍ഷം പഴക്കമുള്ള, 1967 ജൂലൈ 4-ാം തീയതി തയ്യാറാക്കിയ ഒരു വിവാഹക്ഷണക്കത്താണിത്.

അന്നത്തെ ജില്ലാ സെക്രട്ടറി സഖാവ് അച്യുതാനന്ദന്‍ പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി, സമരയൗവനമായി, പാവങ്ങളുടെ പടത്തലവനായി. വിഎസ്‌-വസുമതി ദമ്പതികള്‍ ഒരുമിച്ചുള്ള ജീവിതം അമ്പത്തിയെട്ട് വര്‍ഷം പിന്നിട്ടു.

കതിര്‍മണ്ഡപമൊരുങ്ങാതെ പുടവ നല്‍കാതെ, സദ്യയൊരുക്കാതെ, പരസ്പരം മാലയിട്ട് അവര്‍ ജീവിതത്തിലേക്ക് നടന്നുകയറി. ചടങ്ങ് കഴിഞ്ഞു നേരെ പോയതു സഹോദരിയുടെ വീട്ടിലേക്ക്. വാടകവീട്ടിലായിരുന്നു അന്നത്തെ രാത്രി തങ്ങിയത്. അന്നുരാവിലെ തേച്ചുകഴുകിയിട്ടതിന്റെ നനവുമാറാത്ത വാടകവീട്ടില്‍ പുതിയ ജീവിതത്തിനു തുടക്കം. കഞ്ഞിവയ്ക്കാന്‍ ചട്ടിയും കലവും മുതല്‍ അരിസാമാനങ്ങള്‍ വരെ കണ്ടെത്തേണ്ടതു കല്യാണപ്പെണ്ണിന്റെ ജോലിയായി.

പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ പുതുമണവാളന്‍ മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടി കയറി. കേരള രാഷ്ട്രീയത്തില്‍ പിന്നീടങ്ങോട്ട് വിഎസ് എന്ന വ്യക്തിപ്രഭാവം ദിനംപ്രതി തിളങ്ങിക്കൊണ്ടിരുന്നു. രാഷ്ട്രീയ താല്‍പര്യമൊന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീയായിരുന്നു വസുമതി. സഖാവിനെ സ്‌നേഹിച്ചും പരിചരിച്ചും നിഴല്‍ പോലെ അമ്പത്തിമൂന്ന് വര്‍ഷങ്ങളായി അവര്‍ കൂടെത്തന്നെയുണ്ടായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നു ഹെഡ് നഴ്‌സായിട്ടാണ് വസുമതി വിരമിക്കുന്നത്. അതുവരെ വിഎസിന്റെ രാഷ്ട്രീയ ജീവിതത്തിലെ അനുകൂല പ്രതികൂല സാഹചര്യങ്ങളെ അവര്‍ നിശ്ശബ്ദം നോക്കിക്കണ്ടു.

വിവാഹത്തോടു താല്‍പര്യമില്ലായിരുന്ന വിഎസ്, ഒടുവില്‍ തന്റെ രാഷ്ട്രീയ ഗുരുവായ എന്‍ സുഗതന്റെ ഉപദേശം സ്വീകരിച്ചാണ് 43-ാം വയസ്സില്‍ അതിനു തയാറായത്. അന്ന് വസുമതിക്ക് പ്രായം 29. എല്ലാ വിവാഹവാര്‍ഷികങ്ങളും കടന്നു പോയത് ആഘോഷങ്ങളുടെ ആരവമില്ലാതെയായിരുന്നു. സന്തോഷ സൂചകമായി എല്ലാവര്‍ക്കും പായസം നല്‍കും, അത്രമാത്രം. കഴിഞ്ഞ ജൂലൈ 18 -ഉം അങ്ങനെ തന്നെയാണ് കടന്നുപോയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി