രാത്രിയിലും പുലര്‍ച്ചയുമായി രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. കുറുക്കന്‍റെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണിപ്പോള്‍.

കാസർകോട്: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ കാസര്‍കോട്ട് കുറുക്കന്‍റെ ആക്രമണവും. പടന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആളുകളേയും വളര്‍ത്ത് മൃഗങ്ങളേയും കുറുക്കന്‍ ആക്രമിച്ചു. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട്, ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്‍റെ ആക്രമണം. മാച്ചിക്കാട്ടെ പ്രഭാകരനെ കുറുക്കന്‍ മാന്തി പരിക്കേല്‍പ്പിച്ചു. ഭാസ്ക്കരനെ ആക്രമിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.

ആയിറ്റി കടവത്തെ ജനാര്‍ദ്ദനന്‍റെ ആടിന്‍റെ ചെവി കടിച്ച് മുറിച്ചു. മാച്ചിക്കാട്ടെ കെ പി രമേശന്‍, വി ഉമേശന്‍, വി നാരായണന്‍ എന്നിവരുടെ പശുക്കളെ കടിച്ച് പരിക്കേല്‍പ്പിച്ചു. മാധവി, നാരായണന്‍ എന്നിവരുടെ വീടുകളിലെ വളര്‍ത്തു നായകളേയും കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. രാത്രിയിലും പുലര്‍ച്ചയുമായി രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. കുറുക്കന്‍റെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണിപ്പോള്‍. 

ശാസ്താംകോട്ടയിലെത്തിയ സഞ്ചാരികൾക്ക് നേരെ തെരുവ് നായ ആക്രമണം: ആറ് വയസ്സുകാരനടക്കം മൂന്ന് പേ‍ര്‍ക്ക് കടിയേറ്റു

ശാസ്താംകോട്ടയിലെത്തിയ സഞ്ചാരികൾക്ക് നേരെ തെരുവ് നായ ആക്രമണം

കൊല്ലം: ശാസ്താംകോട്ടയിൽ തെരുവ് നായയുടെ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബം ചികിത്സയിൽ. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. കാലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കുടുംബം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ ആദ്യം ഇൻസ്പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലിൽ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനേയും കടിച്ചു. നായയെ തള്ളി മാറ്റുന്നതിനിടെ ഇൻസ്പെക്ടർ സജീഷ്കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. രാഖിയുടേയും ആര്യൻ്റേയും കാലിൽ ആഴത്തിലുള്ള മുറിവാണുള്ളത്. ശാസ്താംകോട്ട കായൽ കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. ഇതിനു മുൻപും ഇവിടെ വച്ച് പലര്‍ക്കും തെരുവു നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.