
പാലക്കാട്: തെരുവുനായ ആക്രമണത്തിൽ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികൾ മരിച്ച സാഹചര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേന്ദ്ര നിയമങ്ങളിൽ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്നും മന്ത്രി പ്രതികരിച്ചു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നതാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പരിമിതിയുണ്ട്. വന്ധ്യംകരണം മാത്രമാണ് തെരുവു നായ ആക്രമണത്തിന് ഏക പരിഹാരമെന്നും എം.ബി.രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ എബിസി ചട്ടങ്ങളിൽ മാറ്റം വരുത്തണം. തെരുവു നായ്ക്കളെ പിടിച്ചു കൊണ്ടു പോയി പ്രത്യേകം സജ്ജീകരിച്ച എബിസി കേന്ദ്രങ്ങളിലെ ഓപ്പറേഷൻ തീയേറ്ററുകളിൽ വ്ന്ധ്യംകരണം നടത്തണമെന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ. എയർ കണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തീയേറ്ററായിരിക്കണം, 7 വർഷത്തെ എക്സ്പീരിയൻസുള്ള ഡോക്ടർ മാത്രമേ സർജ്ജറി ചെയ്യാവൂ, റഫ്രിജറേറ്റർ വേണം എന്നൊക്കെ വ്യവസ്ഥയുണ്ട്. ഒരാഴ്ച്ച ശുശ്രൂഷിച്ച്, മുറിവുണങ്ങി, ഇൻഫെക്ഷൻ വരില്ലെന്നുറപ്പാക്കി എവിടെ നിന്നാണോ പിടിച്ചത് അവിടെത്തന്നെ തുറന്നു വിടണമെന്നൊക്കെയാണ് കേന്ദ്ര വ്യവസ്ഥകൾ. ഈ വ്യവസ്ഥകളൊക്കെ പാലിച്ച് ലക്ഷക്കണക്കിന് തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുക എളുപ്പമുള്ള കാര്യമാണോയെന്നും മന്ത്രി ചോദിച്ചു. വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ അത് കുറ്റകൃത്യമാകും, കേസടക്കം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫണ്ടുണ്ടെങ്കിലും കേരളത്തിൽ എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വലിയ എതിർപ്പുകളാണ് വരുന്നത്. ഈ എതിർപ്പുകളെയെല്ലാം മറികടന്നാണ് കേരളത്തിൽ ഏതാണ്ട് 30 എബിസി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ കേരളത്തിൽ തൊള്ളായിരത്തോളം എബിസി കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. എല്ലാം ഒറ്റയടിക്ക് പൂട്ടിച്ചതാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam