
കൊല്ലം: പേവിഷബാധയേറ്റ് മരിച്ച ഏഴു വയസുകാരി നിയയുടെ ഖബറടക്കം പൂർത്തിയായി. കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. പ്രോട്ടോക്കോൾ പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ. കൂടുതൽ പേർക്ക് കാണാനുള്ള അവസരം ഇല്ലായിരുന്നു. പൊതുദർശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയിൽ നിന്നും നേരെ പളളിയിലേക്കാണ് കൊണ്ടുപോയത്. പള്ളിയിൽ നിന്നും കുറച്ചുപേർ മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലാണ് കുട്ടി ചികിത്സയിലിരുന്നത്. ഇന്ന് പുലർച്ചെ നിയ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം, പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് വിളക്കുടി ഗ്രാമപഞ്ചായത്ത്. 15 വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കും. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം കൂടുതൽ കാര്യക്ഷമമാക്കുമെന്നും പഞ്ചായത്ത് അറിയിച്ചു. പഞ്ചായത്തിൽ എബിസി സെൻ്റർ ഇല്ല. കുരിയോട്ടുമലയിലെ ഷെൽട്ടറിൻ്റെ പണി പൂർത്തിയാകുന്നതിന് അനുസരിച്ച് തെരുവ് നായ്ക്കളെ അവിടേക്ക് മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. കുട്ടി വെൻറിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്.
ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നൽകി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.
മാർച്ച് 29 നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. പെരുന്നാൾ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോകുന്നതിനിടെയായിരുന്നു സംഭവം. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കേളേജിലും എത്തിച്ചു. പ്രതിരോധ വാക്സീൻ നൽകി. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചു. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളിൽ മുറിവേറ്റിരുന്നു.
സംസ്ഥാനത്ത് 2021ൽ 11പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ൽ 27 പേർ. 2023 ൽ 25 പേർ. 2024 ൽ 26 പേർ. ഈ വർഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 പേരാണ് മരിച്ചത്. ഭൂരിഭാഗവും കുട്ടികളാണ്. 5 വർഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സീനെടുത്തിട്ടും ജീവൻ നഷ്ടപ്പെട്ടത് 20 പേർക്കാണ്. മറ്റുള്ളവർ വാക്സീൻ എടുത്തിരുന്നില്ല. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam