അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ

By Web TeamFirst Published Sep 12, 2022, 7:14 PM IST
Highlights

കുട്ടിയെ കടിച്ച നായയെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. 

പാലക്കാട്: അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ. കുട്ടിയെ കടിച്ച നായയെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർഡിഡിഎൽ ലാബിലാണ് (ഡിസീസ് ഡയഗ്നോസിസ് ലാബ്)  പരിശോധന നടത്തിയത്. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ ആകാശിന് തിരുവോണ നാളിലാണ് തെരുവുനായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് നിൽക്കെയാണ് നായ ആക്രമിച്ചത്. മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

'ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കും'; അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാൻ കേരളം
സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്‌ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വാക്സിനേഷൻ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കമെന്നും എം.ബി.രാജേഷ് പറഞ്ഞു. 

സ്‌കൂട്ടറിന് കുറുകെ തെരുവ് നായ ചാടി, യുവ അഭിഭാഷകന് പരിക്ക്

കോട്ടയം വൈക്കത്ത് സ്‌കൂട്ടറിന് കുറുകെ തെരുവ് നായ ചാടി ഉണ്ടായ അപകടത്തിൽ യുവ അഭിഭാഷകന് പരിക്ക്. വൈക്കം ബാറിലെ അഭിഭാഷകനായ മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ വൈക്കം വടക്കേനട കൊച്ചാലും ചുവടുഭാഗത്ത്‌ വെച്ചായിരുന്നു അപകടം. വലത് കാലിന്‍റെ മുട്ടിനും രണ്ടും കൈക്കും നെറ്റിയിലും മൂക്കിനും പരിക്കേറ്റു. അപകടത്തിൽ കാര്‍ത്തിക്കിന്‍റെ രണ്ട് പല്ലും നഷ്ടമായി. മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാർത്തിക്.

തെരുവുനായ ഓട്ടോയ്ക്ക് കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കായംകുളം രണ്ടാംകുറ്റിയിൽ തെരുവ് നായ ഓട്ടോയ്ക്ക് കുറുകെ ചാടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കറ്റാനം സ്വദേശി രാജപ്പനാണ് പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ കുറകെ ചാടി സംസ്ഥാനത്ത് ഇന്ന് അഞ്ച് സ്കൂട്ടര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. 

നായ കുറുകെ ചാടി, സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മയുടെ കാൽ ഒടിഞ്ഞു തൂങ്ങി

കൊല്ലം അഞ്ചലിൽ സ്കൂട്ടറിന് കുറുകേ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി. കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

മലപ്പുറത്തും തെരുവുനായ ശല്യം രൂക്ഷം, നിലമ്പൂരിൽ ജില്ലാ ആശുപത്രിക്കകത്ത് അടക്കം നായ്ക്കളുടെ വിളയാട്ടം

click me!