
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ കള്ളവോട്ട് തടയാൻ കർശന നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയില്‍. പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്നും തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കാര്യക്ഷമമാക്കുമെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കള്ളവോട്ടും ആൾമാറാട്ടവും തടയാൻ നടപടി വേണമെന്നുള്ള ഒരുപറ്റം ഹർജികളിൽ ആണ് കമ്മീഷൻ നിലപാട് അറിയിച്ചത്.
കമ്മീഷൻ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് ഹൈക്കോടതി അറിയിച്ചു. നടപടികള്‍ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സ്ഥാനാർത്ഥികളുടെ പരാതി പരിശോധിച്ച് സുരക്ഷ നൽകാൻ പൊലീസിന് കോടതിയുടെ നിർദേശം നല്‍കി. പ്രശ്നബാധിതമല്ലാത്ത ബൂത്തുകളിൽ സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടാൽ വീഡിയോ ചിത്രീകരണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനുള്ള ചെലവ് സ്ഥാനാർത്ഥികൾ വഹിക്കണം എന്നാണ് നിര്‍ദ്ദേശം.
മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ പതിനാല് തിങ്കളാഴ്ചയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുക. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബർ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam