കൊല്ലത്ത് ശക്തമായ കാറ്റ്, വ്യാപക നാശം; ആര്യങ്കാവ് പാതയിൽ റെയിൽപ്പാളത്തിൽ മരം വീണു, തിരുവനന്തപുരത്ത് ഖനനനിരോധനം

By Web TeamFirst Published Sep 5, 2022, 4:15 PM IST
Highlights

ഒരു മണിക്കൂറോളമായി വീശിയടിച്ച കാറ്റാണ് കൊല്ലത്ത് വ്യാപക നാശം വിതച്ചത്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് മലയോര, തീരദേശ യാത്രകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി, ഖനന പ്രവർത്തനങ്ങളും നിരോധിച്ചു

കൊല്ലം: കൊല്ലം ജില്ലയിൽ കനത്ത കാറ്റിൽ വ്യാപക നാശം. ഒരു മണിക്കൂറോളമായി വീശിയടിച്ച കാറ്റിൽ നിരവധി ഇടങ്ങളിൽ മരണം വീണു. ആര്യങ്കാവ് പാതയിൽ എഴുകോണിനും കുണ്ടറയ്ക്കും ഇടയിൽ  റെയിൽപ്പാതയിലേക്ക് മരം വീണു. കൊല്ലത്തേക്ക് ഉള്ള ട്രെയിൻ കൊട്ടാരക്കരയിൽ പിടിച്ചിട്ടു. മുണ്ടയ്ക്കൽ സ്വദേശി രവീന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞു വീണു. ഓച്ചിറ വലിയകുളങ്ങര  സ്വദേശി ജയേഷിന്റെ വീടിന് മുകളിലും മരം വീണു. ആളപായമില്ല. 

തിരുവനന്തപുരത്ത് മലയോര, തീരദേശ യാത്രകള്‍ക്ക് വിലക്ക്

തിരുവനന്തപുരം ജില്ലയില്‍ നാളെ (സെപ്തംബര്‍ ആറ്) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍  ക്വാറിയിങ്, മൈനിങ്, ഖനന പ്രവര്‍ത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. കടലോര / കായലോര /മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും വിലക്കുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മുന്നറിയിപ്പെന്ന നിലയില്‍ നാളെ (സെപ്തംബര്‍ ആറ്) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു.

ഓണാഘോഷം മഴയിലോ? നാളെ നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്, ഉത്രാടത്തിന് എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

click me!