ചതിക്കപ്പെട്ടതെന്ന് പൊലീസിന് ബോധ്യമായി; നീറ്റ് പരീക്ഷ വ്യാജ ഹാൾ ടിക്കറ്റ് കേസിൽ വിദ്യാർത്ഥിയെ വിട്ടയച്ചു

Published : May 05, 2025, 05:58 PM ISTUpdated : May 05, 2025, 06:38 PM IST
ചതിക്കപ്പെട്ടതെന്ന് പൊലീസിന് ബോധ്യമായി; നീറ്റ് പരീക്ഷ വ്യാജ ഹാൾ ടിക്കറ്റ് കേസിൽ വിദ്യാർത്ഥിയെ വിട്ടയച്ചു

Synopsis

വ്യാജ നീറ്റ് ഹാൾ ടിക്കറ്റുമായി പിടിയിലായ 20കാരനായ തിരുവനന്തപുരം പശുവയ്ക്കൽ സ്വദേശിയായ വിദ്യാർത്ഥിയെ വിട്ടയച്ചു

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾ ടിക്കറ്റുമായി ബന്ധപ്പെട്ട് പിടിയിലായ വിദ്യാർത്ഥിയെ വിട്ടയച്ചു. തിരുവനന്തപുരം പശുവയ്ക്കൽ സ്വദേശിയായ വിദ്യാർത്ഥിയെയാണ് വിട്ടയച്ചത്. തട്ടിപ്പിൽ പങ്കില്ലെന്നും ചതിക്കപ്പെട്ടതാണെന്നും വ്യക്തമായതിന് പിന്നാലെയാണ് 20കാരനായ വിദ്യാർത്ഥിയെ വിട്ടയച്ചത്. വിദ്യാർത്ഥി കുറ്റക്കാരനല്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ വിദ്യാർത്ഥി സാക്ഷിയാകാനാണ് സാധ്യത.

വെറ്ററിനറി ഡോക്ടർ ആകാനായിരുന്നു ആഗ്രഹമെന്നും പരീക്ഷയെഴുതുന്നത് തടഞ്ഞപ്പോൾ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും പൊലീസ് വിട്ടയച്ചതിന് പിന്നാലെ വിദ്യാർത്ഥി പ്രതികരിച്ചു. അപേക്ഷിക്കാൻ അക്ഷയ സെൻറർ ജീവനക്കാരി ഗ്രീഷ്മയെ ചുമതലപ്പെടുത്തിയതാണെന്ന് വിദ്യാർഥിയുടെ അമ്മ പറഞ്ഞു. ഇങ്ങനെ ചതിയിൽ പെടുമെന്ന് പ്രതീക്ഷിച്ചില്ല. രണ്ടാം വട്ടമാണ് വിദ്യാർഥി പരീക്ഷയെഴുതിയത്. പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ രസീതും ഹാൾടിക്കറ്റും വാട്‌സ്ആപ്പിലാണ് ഗ്രീഷ്‌മ അയച്ചുതന്നതെന്നും വിദ്യാർത്ഥിയുടെ അമ്മ പറഞ്ഞു.

ഗ്രീഷ്‌മ പിടിയിലായത് ഇങ്ങനെ

വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കി നൽകിയത് താനാണെന്ന് അക്ഷയ സെന്‍റര്‍ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിയെ വിട്ടയച്ചത്. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍ററിൽ വച്ചാണ് വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാർത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. ഇതിനായി 1850 രൂപ മുൻകൂറായി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ താൻ അപേക്ഷിക്കാൻ മറന്നുപോയെന്നും വിദ്യാർത്ഥി പലവട്ടം ഹാൾ ടിക്കറ്റിനായി വന്നപ്പോൾ താൻ വ്യാജമായ ഒരെണ്ണം തയ്യാറാക്കുകയായിരുന്നു എന്നുമാണ് മൊഴി. ഹാൾടിക്കറ്റിൽ കൃത്രിമം കാണിച്ചെങ്കിലും ബാർകോഡും സാക്ഷ്യപത്രവും ഗ്രീഷ്മ തിരുത്താൻ വിട്ടുപോവുകയായിരുന്നു. ഗൂഗിൾ സേർച്ച് ചെയ്താണ് പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിന്‍റെ വിലാസം ഹാൾ ടിക്കറ്റിൽ വച്ചത്. ദൂരെയാണ് പരീക്ഷാ സെൻ്റർ എന്നതിനാൽ വിദ്യാർത്ഥി പരീക്ഷയ്ക്ക് പങ്കെടുക്കില്ലെന്നാണ് ഗ്രീഷ്‌മ കരുതിയത്. പത്തനംതിട്ടയിലെ സെൻ്ററിലെത്തിയ വിദ്യാർത്ഥിയെ പരീക്ഷാ ചുമതലയിലുണ്ടായിരുന്നവർ ആദ്യം പരീക്ഷയെഴുതിച്ചു. ഇതിനിടെ ഇതേ റോൾ നമ്പറിൽ തിരുവനന്തപുരത്തെ സെൻ്ററിൽ മറ്റൊരു വിദ്യാർത്ഥി പരീക്ഷയെഴുതുന്നുവെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചത്. ഇതോടെ വിദ്യാർത്ഥിയെ പരീക്ഷയെഴുതുന്നത് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ ഗ്രീഷ്മയുടെ പങ്ക് വ്യക്തമായതോടെയാണ് വിദ്യാർത്ഥിയെ വിട്ടയച്ചത്. ഗ്രീഷ്‌മ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്