ഏഷ്യാനെറ്റ് ന്യൂസിലെ പരിപാടിയില്‍ മന്ത്രിയോട് പരാതി പറഞ്ഞു; ജോസഫ് ഡോണിന് എംഎല്‍എ ഫോണ്‍ നല്‍കി

By Web TeamFirst Published May 29, 2021, 11:44 PM IST
Highlights

 വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോടാണ് ചെല്ലാനം സ്വദേശിയായ വിദ്യാര്‍ത്ഥി പഠിക്കാനായി ഫോണ്‍ ഇല്ലെന്ന കാര്യം പറഞ്ഞത്.
 

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിലെ 'മന്ത്രിയോട് സംസാരിക്കാം' എന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണില്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിക്ക് ഫോണ്‍ എത്തിച്ച് നല്‍കി എംഎല്‍എ കെജെ മാക്‌സി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോടാണ് ചെല്ലാനം സ്വദേശിയായ വിദ്യാര്‍ത്ഥി പഠിക്കാനായി ഫോണ്‍ ഇല്ലെന്ന കാര്യം പറഞ്ഞത്. ഉടന്‍ തന്നെ മന്ത്രി വിഷയം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. ശനിയാഴ്ച ഉച്ചക്ക് എംഎല്‍എ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തിയാണ് ഫോണ്‍ കൈമാറിയത്. 

ടിവിയില്‍ ഒരുപാട് പേര്‍ മന്ത്രിയെ വിളിക്കുകയും പ്രശ്‌നം പറയുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് തന്റെ സങ്കടവും പറഞ്ഞാലോയെന്ന് ജോസഫിന് തോന്നിയത്. കിട്ടുമെന്ന് കരുതിയില്ലെങ്കിലും അപ്പുറം ഫോണെടുത്തു, വിഷമം മന്ത്രിയോട് പറഞ്ഞു. ഉടനടി പരിഹാരവുമായി. ചെല്ലാനത്തെ വെള്ളം കയറിയ വീട്ടിലേക്ക് മൊബൈല്‍ ഫോണും കൊണ്ട് എംഎല്‍എയെത്തി.

വാടകയ്ക്കാണ് താമസം. അതും പൊളിഞ്ഞുതുടങ്ങിയ, വെള്ളം കയറിയ കൊച്ചുവീട്ടില്‍. പുതിയ വീട് പണി തുടങ്ങിയെങ്കിലും വേലിയേറ്റകാലത്ത് ജോലിയില്ലാതായതോടെ നിലച്ചു. അതോടെ ജോസഫും ആറാംക്ലാസുകാരന്‍ അനിയനും ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വേണമെന്ന സ്വപ്നം മാറ്റി വെച്ചു. വേണ്ടെന്ന് വച്ച ആ സ്വപ്നമാണ് ഒറ്റ ഫോണ്‍കോളിലൂടെ മന്ത്രി നടപ്പാക്കിക്കൊടുത്തത്.
 

കെജെ മാക്‌സി എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്


ജോസഫ് ഡോണിന് പഠന സഹായമായി മൊബൈല്‍ ഫോണ്‍ കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസിലെ മന്ത്രിയോട് സംസാരിക്കാം എന്ന പരിപാടിയുടെ ഭാഗമായി ചെല്ലാനം സ്വദേശിയായി ഈ കൊച്ചുമിടുക്കന്‍ പഠനത്തിനായി ഫോണ്‍ ഇല്ല എന്ന കാര്യം ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മന്ത്രി അപ്പോള്‍ തന്നെ എന്നെ വിളിച്ച് ജോസഫ് ഡോണിന് ഫോണ്‍ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇന്ന് ഉച്ചയ്ക്ക് ജോസഫ് ഡോണിന്റെ വീട്ടിലെത്തി ഫോണ്‍ കൈമാറി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!