
കണ്ണൂർ: തലശ്ശേരിയിൽ പെരുന്നാൾ തലേന്ന് ആഡംബര കാറിൽ സാഹസ പ്രകടനങ്ങൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിൽ പൊലീസിനെതിരെ കുടുംബം. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതി റൂബിൻ ഉമറിനെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയാണെന്നാണ് ആരോപണം. മുൻകൂർ ജാമ്യം കിട്ടും വരെ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.
ബിടെക് വിദ്യാർത്ഥി അഫ്ലഹ് ഫറാസിന്റെ മരണത്തിൽ പ്രതിഷേധം കനത്തതോടെ നരഹത്യയ്ക്ക് കേസെടുത്തെങ്കിലും രണ്ടാഴ്ചയായി പ്രതി റൂബിൻ ഉമറിനെ പിടികൂടിയില്ല. പ്രതി സമ്പന്നനായതിനാൽ പൊലീസ് ഒത്തുകളിക്കുന്നു എന്ന് ആരോപണം ഉയരുമ്പോൾ റൂബിനായി വ്യാപക തിരച്ചിൽ നടത്തുന്നുണ്ട് എന്നാണ് പൊലീസ് വിശദീകരണം.
ജുലൈ 20 ചൊവ്വാഴ്ച രാത്രി ഒൻപതരമണിയോടെയാണ് അപകടമുണ്ടായത്. ബലിപെരുന്നാൾ ആഘോഷിക്കാൻ കതിരൂർ ഉക്കാസ് മൊട്ട സ്വദേശി റൂബിൻ ഉമർ നാല് സുഹൃത്തുക്കളോടൊപ്പം പജീറോ കാറിൽ തലശ്ശേരിയിലെത്തി. ഓരോ കവലയിലും ഡ്രിഫ്റ്റ്, ബേൺ ഔട്ട് ഇങ്ങനെയുള്ള സാഹസ പ്രകടനങ്ങൾ നടത്തി പജീറോ ശര വേഗത്തിൽ നഗരം ചുറ്റിക്കൊണ്ടിരുന്നു. പലരും ഈ കാഴ്ച കാണുന്നുണ്ടായിരുന്നു.
ജൂബിലി ജംഗ്ഷനിലെ വളവിൽ റോംഗ് സൈഡ് കയറിയ പജീറോ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബന്ധുവീട്ടിൽ ലാപ്ടോപ് വാങ്ങാൻ പോയി മടങ്ങുകയായിരുന്നു ബൈക്കിലുണ്ടായിരുന്ന ചമ്പാട് സ്വദേശിയായ ബിടെക് വിദ്യാർത്ഥി അഫ്ലഹ് ഫറാസ്.
അപകടമുണ്ടായ ഉടനെ കാറിന്റെ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റി സംഘം മുങ്ങി. സിസിടിവി തെളിവുകിട്ടിയിട്ടും തലശ്ശേരി പൊലീസ് കേസ് ആദ്യം ഗൗരവത്തിലെടുത്തില്ല. ആക്ഷൻ കമ്മറ്റിയുണ്ടാക്കി നാട്ടുകാർ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി പ്രതിഷേധം കടുപ്പിച്ചതോടെ നരഹത്യയ്ക്ക് കേസെടുക്കേണ്ടിവന്നു. പക്ഷേ ഇതുവരെ റൂബിനെ പിടിക്കാൻ പൊലീസിനായിട്ടില്ല. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്ന സമ്പന്നനായ പ്രതിക്കായി പൊലീസ് വീണ്ടും ഒത്തുകളിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam