വിദ്യാർത്ഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ തിരിഞ്ഞ് സഹപാഠികൾ, ബാലാവകാശ കമ്മീഷൻ കേസെടുത്തു

Published : Sep 15, 2026, 04:34 PM IST
student suicide child rights commission registers case against teachers

Synopsis

സെന്‍റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോലഞ്ചേരി: സെന്‍റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. തമ്മാനിമറ്റം ചിറമ്പാട്ട് ഏബൽ സിജു (16)വിന്‍റെ മരണകാരണം അധ്യാപകരുടെ പീഡനമാണെന്ന് സഹപാഠികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ കെ ഷാജു സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പുത്തൻകുരിശ് എസ്എച്ച്ഒയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെന്‍റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഏബലിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ ക്ലാസിൽ മൊബൈൽ ഫോണുകൾ കൊണ്ടുവന്നതിനെ തുടർന്ന് അധ്യാപകർ ഫോണുകൾ പിടിച്ചെടുത്ത് വീട്ടുകാർക്ക് കൈമാറിയിരുന്നു. ഫോൺ പരിശോധിച്ചതിലുണ്ടായ മനോവിഷമമാണ് ഏബലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.

എന്നാൽ ഫോണുകൾ പരിശോധിച്ചിട്ടില്ലെന്നും പ്രത്യേകം കവറുകളിലാക്കി രക്ഷിതാക്കളെ ഏൽപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിശദീകരണം നൽകുന്നതിനും കൗൺസലിങ്ങിനുമായി തിങ്കളാഴ്ച സ്കൂളിൽ രക്ഷാകർത്തൃയോഗം വിളിച്ചിരുന്നു. യോഗത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. രക്ഷിതാക്കളിൽ ചിലർ വിദ്യാർത്ഥികളോട് കയർത്തതോടെ യോഗത്തിൽ സംഘർഷാവസ്ഥയുണ്ടായി. അധ്യാപകർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് വിദ്യാർഥികൾ കൂട്ടമായെത്തി അധ്യാപകർക്കുനേരെ പ്രതിഷേധിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണവിധേയയായ അധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കുമെന്നും സ്കൂൾ മാനേജർ പറഞ്ഞു. ബാലാവകാശ കമ്മിഷന്‍റെ നിർദേശപ്രകാരം സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കാരി ഇറങ്ങുന്നതിന് മുന്നേ ബസ്സെടുത്തു, ചോദ്യം ചെയ്ത ഭർത്താവിനെ ഡ്രൈവർ കയ്യേറ്റം ചെയ്തതായി പരാതി
എനിക്കെതിരെയും വിമർശനം ഉയർന്നു, അതിശക്തമായ തിരുത്തലുകളിലൂടെ പാർട്ടി മുന്നോട്ട് പോകും; ഇഡിക്കെതിരെ പോരാട്ടം കടുപ്പിക്കുമെന്നും എംവി ഗോവിന്ദൻ