കോഴിക്കോടും കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ്; വിദേശത്ത് നിന്നെത്തിയ അച്ഛനും രോഗം

By Web TeamFirst Published Jul 21, 2020, 5:03 PM IST
Highlights

ഒളവണ്ണ സ്വദേശിയായ പതിനേഴുകാരനാണ് കൊവിഡ് ബാധിതനായത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വിദ്യാര്‍ത്ഥി പരീക്ഷയെഴുതിയിരുന്നത്. 

കോഴിക്കോട്: കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ  എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ടും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഒളവണ്ണ സ്വദേശിയായ പതിനേഴുകാരനാണ് കൊവിഡ് ബാധിതനായത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വിദ്യാര്‍ത്ഥി പരീക്ഷയെഴുതിയിരുന്നത്. വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുതിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. കുട്ടിയുടെ അച്ഛനും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇദ്ദേഹം വിദേശത്ത് നിന്ന് മാര്‍ച്ചിലാണ് നാട്ടില്‍ മടങ്ങിയെത്തിയത്. 

തിരുവനന്തപുരത്ത്, തെക്കാട് ബിഎഡ് സെന്‍ററില്‍ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയായ വിദ്യാർത്ഥിക്കും കരമന കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാർത്ഥിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  പൊഴിയൂരിൽ നടത്തിയ റാൻഡം പരിശോധനയിലാണ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിക്കൊപ്പം ഹാളിൽ പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലേക്ക് മാറ്റി. 

നേരത്തെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്ന കരകുളം സ്വദേശി പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. ഇതിനിടെയാണ് കോട്ടൺഹിൽ സ്കൂളിൽ കുട്ടിയെ പരീക്ഷക്കായി കൊണ്ടുവന്ന മണക്കാട് സ്വദേശിയായ രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ ആശുപത്രിയിലെത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 
 

 

click me!