ചേളന്നൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ട പ്രിന്‍സിപ്പലിനെ മോചിപ്പിച്ചു; പത്ത് വിദ്യാർത്ഥികള്‍ കസ്റ്റഡിയില്‍

By Web TeamFirst Published Jan 13, 2020, 6:44 PM IST
Highlights

പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത പത്ത് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിൻസിപ്പല്‍ ദേവപ്രിയയെ പൊലീസ് സുരക്ഷയിൽ വീട്ടിലെത്തിച്ചു

കോഴിക്കോട്: കോഴിക്കോട് ചേളന്നൂര്‍ എസ്എൻ കോളേജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത പത്ത് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിൻസിപ്പല്‍ ദേവപ്രിയയെ പൊലീസ് സുരക്ഷയിൽ വീട്ടിലെത്തിച്ചു. അധ്യാപകനെ പുറത്താക്കിയതിൽ വിദ്യാർത്ഥികളുമായി ചർച്ചയ്ക്കില്ലെന്നും മോശമായ പെരുമാറ്റം കാരണമാണ് താത്കാലിക അധ്യാപകനെ പിരിച്ചുവിട്ടതെന്നും മാനേജ്മെൻറുമായി ആലോചിച്ചാണ് നടപടിയെടുത്തതെന്നും ഡോ. ദേവിപ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 'വിദ്യാർത്ഥി സമരം അനാവശ്യമാണ്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയത് ചോദ്യം ചെയ്തു എന്ന ആരോപണം തെറ്റാണ്'- ദേവപ്രിയ കൂട്ടിച്ചേര്‍ത്തു. അതേസമയം നാളെയും സമരം തുടരുമെന്ന് വിദ്യാർത്ഥി യൂണിയന്‍ പ്രതികരിച്ചു. 

'ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ അധ്യാപകനെ പുറത്താക്കി'; പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികളുടെ സമരം

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയ താല്‍ക്കാലിക അധ്യാപകനെ പ്രിൻസിപ്പൽ പുറത്താക്കിയെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണം തള്ളി പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിരുന്നു. ആണ്‍കുട്ടികളയെും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്നതിനെ വിലക്കിയിട്ടില്ലെന്നും ക്ലാസ് എടുക്കാൻ അധ്യാപകന് പ്രാപ്‍തി ഇല്ലാത്തതിനാലാണ് പുറത്താക്കിയതെന്നുമാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം. ആറുമണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് പൊലീസ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് പ്രിൻസിപ്പലിനെ മോചിപ്പിച്ചത്. 

കോളേജിന് അവധി
കോഴിക്കോട് ചേളന്നൂർ എസ് എൻ കോളേജിൽ വിദ്യാർത്ഥി സമരം തുടരുന്ന സാഹചര്യത്തിൽ രണ്ടുദിസത്തേക്ക് കോളേജിന് അവധി പ്രഖ്യാപിച്ചു. 

click me!