
ദില്ലി: വയനാട്ടിൽ രാഹുലിൻ്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്ന് സിപിഐ സ്ഥാനാർത്ഥി ആനി രാജ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. വയനാട് തനിക്ക് സുപരിചിതമായ സ്ഥലമാണ്. താൻ രാഷ്ട്രീയം പഠിച്ചത് വയനാട്ടിൽ നിന്നാണ്. മൽസരിക്കുന്നത് ജയിക്കാൻ വേണ്ടിയാണെന്നും ആനി രാജ പറഞ്ഞു.
ഒന്നാം തീയതി വയനാട്ടിൽ എത്തും. ജനപ്രതിനിധി എന്ന നിലയിൽ എപ്പോഴും വയനാട്ടിൽ ഉണ്ടാകും എന്നതാണ് സ്ഥാനാർത്ഥി എന്ന നിലയിൽ നൽകുന്ന ഉറപ്പെന്നും ആനി രാജ പറഞ്ഞു. അതേസമയം, ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സി പി ഐ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാർത്ഥികളെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്. പുറത്തുവന്ന വാർത്തകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കര സിഎ അരുൺ കുമാർ, തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നവരെ കളത്തിലിറക്കാനാണ് സി പി ഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചത്.
കഴിഞ്ഞ മൂന്ന് തവണയും ശശി തരൂരിന് മുന്നിൽ പരാജയപ്പെട്ട തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാനാണ് കരുത്തനായ പന്ന്യനെ വീണ്ടും കളത്തിലിറക്കുന്നത്. മത്സരിക്കാൻ താൽപര്യമില്ലെന്ന് ആദ്യം നിലപാടെടുത്ത പന്ന്യൻ പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. തലസ്ഥാനത്ത് ഏറ്റവും അവസാനമായി വിജയക്കൊടി പാറിച്ച നേതാവിനെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാം എന്നാണ് സി പി ഐയുടെ കണക്കുകൂട്ടൽ. തൃശൂരിൽ ആദ്യം മുതലേ ഉയർന്നുകേട്ട വി എസ് സുനിൽ കുമാറിന്‍റെ പേര് സി പി ഐ സംസ്ഥാന കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഇതോടെ സുരേഷ് ഗോപിക്കും ടി എൻ പ്രതാപനും വലിയ വെല്ലുവിളിയാണ് ഉയരുന്നത്. ജനകീയ ഇമേജിലൂടെ സുനിൽകുമാർ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് സി പി ഐയുടെ കണക്കുകൂട്ടൽ. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാതിരിക്കാനുള്ള സമ്മർദ്ദ തന്ത്രം കൂടിയാണ് ദേശീയ നേതാവായ ആനി രാജയെ കളത്തിലിറക്കുന്നതിനിടെ സി പി ഐ മുന്നോട്ട് വയ്ക്കുന്നത്.
അതേസമയം മാവേലിക്കരയിലാണ് ഇക്കുറി സ്ഥാനാർത്ഥി നിർണയത്തിൽ സി പി ഐക്ക് വെല്ലുവിളി നേരിട്ട ഏക മണ്ഡലം. ജില്ലാ കൗൺസിലിന്റെ എതിർപ്പ് തള്ളികളഞ്ഞാണ് സി എ അരുൺ കുമാറിന്‍റെ സ്ഥാനാർത്ഥിത്വം സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടികയാണ് സി പി ഐ കൊല്ലം ജില്ലാ കൗൺസിൽ തയ്യാറാക്കിയത്. സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്ന അരുൺകുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ ഈ പട്ടിക പൂർണമായും തളളിയാണ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. സി പി ഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ്സി എ അരുൺ കുമാർ. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ് യുവ നേതാവ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam