Subhash Vasu : 'വെള്ളാപ്പള്ളിയാണ് ശരി, എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലന്‍'; സകലതും ഏറ്റുപറഞ്ഞ് സുഭാഷ് വാസു

Published : Feb 20, 2022, 01:10 PM IST
Subhash Vasu : 'വെള്ളാപ്പള്ളിയാണ് ശരി, എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലന്‍'; സകലതും ഏറ്റുപറഞ്ഞ് സുഭാഷ് വാസു

Synopsis

ഒന്നര വർഷം മുമ്പാണ് വെള്ളാപ്പള്ളി നടേശനോട് ഉടക്കി അദ്ദേഹത്തിന്റെ വിശ്വസ്തൻ ആയിരുന്ന സുഭാഷ് വാസു എതിർ ചേരിക്ക് ഒപ്പം പോയത്.

ആലപ്പുഴ: സകലതും ഏറ്റുപറഞ്ഞ് സുഭാഷ് വാസു (Subhash Vasu) വീണ്ടും വെള്ളാപ്പള്ളി പാളയത്തിൽ. വെള്ളാപ്പള്ളി നടേശനും  (Vellapally Natesan) കുടുംബത്തിനും എതിരായ ആരോപണങ്ങൾ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലനാണെന്നും സുഭാഷ് വാസു പറഞ്ഞു. ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പം ഒന്നിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൽക്കാലം സംഘടനാ പ്രവർത്തനത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ സുഭാഷ് വാസു കട്ടച്ചിറ എൻജിനീയറിങ് കോളേജിന്റെ ഭരണം പിടിക്കലാണ് ആദ്യ ലക്ഷ്യം എന്നും വ്യക്തമാക്കി.

ഗോകുലം ഗോപാലനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളി പാളയത്തിലേക്ക് ചേക്കേറി. കട്ടച്ചിറ എൻജിനീയറിങ് കോളേജിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഗോകുലം ഗോപാലൻ പറ്റിച്ചു എന്നാണ് സുഭാഷ് വാസു ആരോപണം. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ തന്നെ കൊണ്ട് തെറി പറയിച്ചു. രക്ഷകനായി എത്തിയ ഗോകുലം ഗോപാലൻ കാലനായി. പിന്നീട് എല്ലാം സ്വന്തം കൈപ്പിടിയിൽ ആക്കി. ഗോകുലം ഗോപാലൻ്റെ ചിട്ടി കമ്പനിയിലെ മാനേജർ അല്ല താൻ. തന്നെ കോളേജ് ഭരണ സമിതിയിൽ നിന്ന് പുറത്താക്കാൻ ഗോപാലന് അധികാരമില്ലെന്നും സുഭാഷ് വാസു പറഞ്ഞു.

ഒരു കുടുംബത്തിൽ ഉണ്ടായ ചെറിയ തർക്കം മാത്രമാണ്  വെള്ളാപ്പള്ളി നടേശനുമായി ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാം തീർന്നു. വൈകാതെ  വെള്ളാപ്പള്ളി നടേശനെ നേരില്‍ കാണുമെന്നും സുഭാഷ് വാസു പറഞ്ഞു. തുഷാറുമായി പല തവണ കൂടിക്കാഴ്ച്ച നടത്തി. വെള്ളാപ്പള്ളി നടേശനാണ് ശരിയെന്ന് പറഞ്ഞ സുഭാഷ് വാസു, തെറ്റ് തിരുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. എസ്എൻഡിപിയെ നയിക്കേണ്ടത് വെള്ളാപ്പള്ളി നടേശനാണ്. ഗോകുലം ഗോപാലൻ നയിച്ചാൽ എസ്എൻഡിപിക്ക് മുകളിൽ ഗോകുലം എന്ന് പേരുവെക്കുമെന്നും സുഭാഷ് വാസു കുറ്റപ്പെട്ടുത്തി.

ഒന്നര വർഷം മുമ്പാണ് വെള്ളാപ്പള്ളി നടേശനോട് ഉടക്കി അദ്ദേഹത്തിന്റെ വിശ്വസ്തൻ ആയിരുന്ന സുഭാഷ് വാസു എതിർ ചേരിക്ക് ഒപ്പം പോയത്. വെള്ളപ്പാള്ളി നടേശനെ എസ്എൻഡിപിയിൽ നിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്ത സുഭാഷ് വാസുവിനെ അടുത്തിടെയാണ് ഗോകുലം ഗോപാലനും കൂട്ടരും പുറത്താക്കിയത്. ഗോകുലം ഗോപാലൻ ചെയർമാനായ ട്രസ്റ്റിന്‍റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ തീരുമാനം അംഗീകരിക്കില്ലെന്നും ബദൽ യോഗം വിളിച്ച് ട്രസ്റ്റ് തലപ്പത്ത് തിരിച്ചുവരുമെന്നുമാണ് സുഭാഷ് വാസു പറയുന്നത്.

വെള്ളാപ്പള്ളിയെ പൂട്ടാൻ ഇറങ്ങിയ സുഭാഷ് വാസുവിന്‍റെ അടവുകൾ തുടക്കത്തിലെ പിഴച്ചിരുന്നു. ഗോകുലം ഗോപാലന് ഒപ്പം കൂടി വെള്ളാപ്പള്ളിക്കെതിരെ പോരിന് ഇറങ്ങിയപ്പോൾ, ആദ്യം നീക്കം കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിംഗിന്‍റെ ഭരണം പിടിച്ചെടുക്കലായിരുന്നു. കോളേജിന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെ പുറത്താക്കി. വെള്ളാപ്പള്ളിയുടെ പേര് മാറ്റി മഹാഗുരു ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി. ഈ സ്ഥാപനത്തിന്‍റെ ഉൾപ്പെടെ ഭരണനിർവഹണം നടത്തിയിരുന്നത് ശ്രീഗുരുദേവ ചാരിറ്റിബിൾ ആൻഡ് എജ്യൂക്കേഷൻ ട്രസ്റ്റാണ്. ചെയർമാൻ ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി സുഭാഷ് വാസു. എന്നാൽ കഴിഞ്ഞ ദിവസം അടിയന്തരമായി ചേർന്ന ഡയറക്ടർ ബോർഡ് യോഗം  സുഭാഷ് വാസുവിനെ പുറത്താക്കി. വേലഞ്ചിറ സുകുമാരനെ പകരം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്നാൽ തന്നെ പുറത്താക്കിയ തീരുമാനം ഏകപക്ഷീയമാണെന്ന് സുഭാഷ് വാസു പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല