'അരി തരുന്നത് ആരായാലും ജനങ്ങളുടെ അവകാശങ്ങളില്‍ ക്രെഡിറ്റ് എടുക്കാന്‍ വരേണ്ട'; മുന്നണികള്‍ക്കെതിരെ സമര രാഷ്ട്രീയം പറഞ്ഞ് ആഷ്ന തമ്പി

Published : Mar 28, 2026, 12:18 PM ISTUpdated : Mar 28, 2026, 12:28 PM IST
ashna thampi

Synopsis

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥിയാണ് 26കാരിയായ ആഷ്‌ന തമ്പി. ആഷ്നയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടികളുടെ ആസ്തി വിവരമില്ല. കൈവശമുള്ളത് വെറും 84 രൂപ, സ്വന്തമായി ഭൂമിയില്ല, വാഹനമില്ല, സ്വര്‍ണ്ണമില്ല, വരുമാനമില്ല. ഏറ്റുമാനൂരിലെ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായ ആഷ്‌ന തമ്പി പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പ് ഗോദയില്‍ വേറിട്ടു നില്‍ക്കുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥിയാണ് 26കാരിയായ ആഷ്‌ന തമ്പി.

സമരമുഖങ്ങളില്‍ സജീവമായിട്ടുള്ള പൊതു പ്രവര്‍ത്തക എന്ന നിലയില്‍ മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് പൊതു പ്രവര്‍ത്തിനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌ന ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മഹാരാജാസ് കോളജില്‍ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചതാണ് ആഷ്നയുടെ നേരത്തെയുള്ള തെരഞ്ഞെടുപ്പ് അനുഭവം. ജേണലിസം പിജി ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു. തിരുവനന്തപുരത്ത് സമരത്തിനിടെ ആശവർക്കർമാർ മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആഷ്നയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കെത്തിയത്...

മത്സരിക്കണമെന്നൊരു ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ പാർട്ടി ഏറ്റുമാനൂരില്‍ നിന്നും മത്സരിക്കാന്‍ നിർദ്ദേശിച്ചു, അങ്ങനെ ആ ഉത്തരവാദിത്വം ഏറ്റെടുത്തതാണ്. ഞാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മണ്ഡലം കൂടിയാണ് ഏറ്റുമാനൂര്‍. ഇവിടെയുള്ള വോട്ടര്‍മാരുടെ പ്രശ്നങ്ങളെ കുറിച്ചും അവര്‍ക്ക് വേണ്ട കാര്യങ്ങളെ കുറിച്ചും ധാരണയുണ്ട്.

സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാര്‍ത്ഥി

അന്ന് നോമിനേഷൻ കൊടുത്ത സമയത്ത് എന്‍റെ കയ്യിലുള്ളത് 84 രൂപ മാത്രമായിരുന്നു. പ്രത്യേകിച്ച് എനിക്ക് വേറെ വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ല. സ്വന്തമായിട്ട് വസ്തുവോ, വാഹനങ്ങളോ, സ്വര്‍ണ്ണമോ അങ്ങനെയൊന്നും ഇല്ല. കയ്യിലുള്ളത് എന്താണോ ആ യാഥാർത്ഥ്യം എഴുതിവെച്ചു എന്നുള്ളത് തന്നെയാണ്. പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപ മാത്രം. അക്കൗണ്ടിൽ 44-ഉം. പിന്നെ ഒരു സ്ഥാനാര്‍ത്ഥിക്ക് പണവും സ്വത്തും വേണമെന്ന് നിര്‍ബന്ധമില്ലല്ലോ. ഇന്ന് നമ്മൾ നോക്കുമ്പോൾ പല മുന്നണികളിലെയും ഓരോ സ്ഥാനാർത്ഥികളും ഈ രാഷ്ട്രീയ പ്രവർത്തനം എന്ന് പറയുന്നത് കേവലം പണം ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമായിട്ട് കാണുന്ന ഒരു അവസ്ഥയുണ്ട്. ഞങ്ങള്‍ കുറച്ചുകൂടി സോഷ്യലി കമ്മിറ്റഡ് ആയിട്ട് നിൽക്കുന്ന ആൾക്കാരാണ്. അവിടെ പണത്തിനെക്കാളും പ്രാധാന്യമായിട്ട് സാമൂഹ്യ പ്രവർത്തനത്തെ മുന്നിൽ കാണുന്നു. അപ്പോൾ പണം ഇത്ര വേണം, ഇങ്ങനെ ഉണ്ടാവണം എന്നുള്ള ഒരു ഇത് നമുക്കില്ല.

പിരിവെടുത്ത് പ്രചാരണ ചെലവിനുള്ള പണം കണ്ടെത്തും

നമ്മുടെ പാർട്ടി ജനങ്ങൾ തരുന്ന പൈസ ഉപയോഗിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒന്നാണ്. അപ്പോൾ സ്ഥിരമായി നമ്മൾ ബോക്സ് കളക്ഷൻ ചെയ്യാറുണ്ട്. ബക്കറ്റും പിടിച്ച് സ്ട്രീറ്റിൽ നിന്ന് ഫണ്ട് കളക്ട് ചെയ്ത് തന്നെയാണ് പല സമരങ്ങളും നടത്തിയിട്ടുള്ളതും വിജയിപ്പിച്ചുള്ളതും. അതുപോലെ ഇത്തവണയും കോട്ടയം മെഡിക്കൽ കോളേജ് പോലുള്ള സ്ഥലങ്ങളില്‍ നിന്നും ഫണ്ട് കളക്ട് ചെയ്തതാണ് പ്രചാരണത്തിനുള്ള പണം കണ്ടെത്തിയത്. പിന്നെ നമ്മുടെ രാഷ്ട്രീയം മനസ്സിലാക്കുന്ന സുഹൃത്തുക്കൾ സംഭാവനകള്‍ ചെയ്യുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പണം ആവശ്യമുണ്ടോ?

പ്രചാരണത്തിന് ഒരു മിനിമം ലെവൽ ഓഫ് പണം ആവശ്യമാണ്. പക്ഷേ ഇന്ന് പല മുന്നണികളും പ്രചാരണത്തിന് മാത്രമായി കോടികളോളം രൂപ ചെലവാക്കുന്നതായാണ് കാണുന്നത്. പ്രചാരണത്തിന് അവര്‍ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. പകരം കുറെ പരസ്യ വാചകങ്ങളാണ് ജനങ്ങളുടെ മുന്നില്‍ വെക്കുന്നത്. എസ്.യു.സി.ഐ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം സമര രാഷ്ട്രീയമാണ്. അപ്പോൾ ആ രീതിയില്‍ പ്രവർത്തിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. പണവും പ്രശസ്തിയോ അല്ല, മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് വേണ്ടത്. സമൂഹത്തിൽ നിന്ന് എന്ത് നേടിയെന്നുള്ളതല്ല, സമൂഹത്തിന് എന്ത് കൊടുത്തു എന്നുള്ളതിലാണ് കാര്യം.

ഏറ്റുമാനൂർ ഇത്തവണയും വി. എന്‍ വാസവന് അനുകൂലമാണോ?

ഏറ്റുമാനൂരിലെ എംഎല്‍എ കൂടിയായതു കൊണ്ട് എല്‍ഡിഎഫ് സ്ഥാനാർത്ഥി വി. എന്‍ വാസവന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടെന്ന് കരുതുന്നില്ല. ഈ സ്വാധീനം പണത്തിന്റെ പേരിൽ വന്നിട്ടുള്ള സ്വാധീനം ആണ്. മണ്ഡലത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈ പത്ത് വർഷത്തിന്റെ ഭരണം കൊണ്ട് എന്തൊക്കെയാണ് ഇവർ ചെയ്തു വെച്ചിട്ടുള്ളത് എന്ന് ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. വികസനം എന്ന് പറയുമ്പോൾ പോലും ആ വികസനങ്ങൾ യഥാർത്ഥത്തിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയിട്ടുണ്ടോ എന്നുള്ളൊരു ചോദ്യമുണ്ട്. ഏറ്റുമാനൂര്‍ മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മെഡിക്കൽ കോളേജ്. അവിടെ കെട്ടിടങ്ങളും കവാടങ്ങളും പണിയുമ്പോൾ മന്ത്രിമാര്‍ വന്ന് ഉദ്ഘാടനം ചെയ്യുന്നുണ്ട്. പക്ഷേ അവിടെ വരുന്ന സാധാരണക്കാരായ രോഗികൾക്ക് കൃത്യമായി ചികിത്സ കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ അതില്ല. അപ്പോൾ അതിനൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും.

പിന്നെ ഇടതു മുന്നണിയാണെങ്കിലും വലതു മുന്നണിയാണെങ്കിലും എൻഡിഎ ആണെങ്കിലും ഇവരൊന്നും ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ല എന്നുള്ള ഒരു വിമർശനം ഞങ്ങള്‍ക്കുണ്ട്. ഇവർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളോട് നമുക്ക് വിമർശനമുണ്ട്. ഇവരെല്ലാവരും ഒരേ തൂവൽ പക്ഷികളായിട്ടാണ് നമ്മുടെ ഒരു വിലയിരുത്തൽ. നമ്മൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ജനകീയ സമരത്തിന്‍റെ രാഷ്ട്രീയമാണ്. അപ്പോൾ ആ രാഷ്ട്രീയത്തിന്റെ ഒരു കരുത്തുണ്ട്. സാധാരണക്കാരന്റെ, പണിയെടുക്കുന്ന തൊഴിലാളികളുടെ അവരനുഭവിക്കുന്ന പ്രശ്നങ്ങൾ വരുമ്പോൾ അതിനെതിരെ ജനങ്ങൾ ഒന്നടങ്കം ഒരുമിച്ച് നിന്ന് പോരാടണം എന്നുള്ള ഒരു ആശയമാണ് മുന്നോട്ടുവെയ്ക്കുന്നത്. അപ്പോള്‍ ജനങ്ങൾ ഈ ആശയത്തെ തിരിച്ചറിയുകയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ ഉറപ്പായിട്ടും അതിനൊരു ഫലം ഉണ്ടാകും എന്നുള്ളതാണ് എന്‍റെ ഒരു പ്രതീക്ഷ.

അരി തരുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും ക്രെഡിറ്റ് എടുക്കുന്നത് കേരള സര്‍ക്കാര്‍ ആണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞതിനെ കുറിച്ച്?

അരി തരുന്നത് ആരായാലും ഇവിടെ അതല്ല വിഷയം. അരി ജനങ്ങളുടെ അവകാശമാണ്. അതില്‍ രണ്ട് കൂട്ടരും ക്രെഡിറ്റ് എടുക്കാന്‍ വരേണ്ട കാര്യമില്ല. ക്രെഡിറ്റ് ആയിട്ട് അവകാശപ്പെടാതെ ജനങ്ങളുടെ അവകാശങ്ങളായിട്ട് തന്നെ അംഗീകരിക്കണം എന്നുള്ള കാര്യം മനസിലാക്കുക.

ഏറ്റുമാനൂരിലെ ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച്…

ഏറ്റുമാനൂരിലെ പ്രധാനപ്പെട്ട പ്രശ്നം മെഡിക്കൽ കോളേജിലെ കാര്യം തന്നെയാണ്. അവിടെ രോഗികൾക്ക് സർജിക്കൽ എക്വിപ്മെന്റ്സ് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. അതുപോലെതന്നെ അവിടെ കിട്ടുന്ന മരുന്നുകൾക്കും ഗുണനിലവാരം ഇല്ല. പല മരുന്നുകളും പുറത്തേക്ക് എഴുതി വിടുന്ന അവസ്ഥയുണ്ട്. പിന്നെ അവിടെ വരുന്ന രോഗികൾക്ക് ആനുപാതികമായിട്ട് അവിടെ ഡോക്ടർമാരും നേഴ്സുമാരും സ്റ്റാഫുകളും ഇല്ല. അപ്പോൾ ഇതെല്ലാം ഏറ്റുമാനൂർ മണ്ഡലത്തിലെ പ്രശ്നങ്ങളാണ്. അതുപോലെ തന്നെ കുടിവെള്ള പ്രശ്നം, നെൽകർഷകരുടെ പ്രശ്നം തുടങ്ങിയ ചര്‍ച്ച ചെയ്യാത്ത പല പ്രശ്നങ്ങളും ഇവിടെയുണ്ട്.

പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്?

കോർപ്പറേറ്റുകൾക്ക് വേണ്ടി ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന മുന്നണകൾക്കെതിരെ വിധി എഴുതുക എന്നുള്ളതാണ് നമ്മുടെ ഒരു ലൈൻ. ജനകീയ സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക, ജനങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവർ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജാതിമത ചിന്തകൾക്ക് അതീതമായി ഒരുമിച്ച് പോരാടണം എന്നുള്ളൊരു ലക്ഷ്യം മുന്നോട്ട് വെക്കുന്നുണ്ട്.

പഠിച്ചശേഷം സ്ഥിരവരുമാനം ഉറപ്പിച്ചു കൂടേ എന്ന് ചോദിക്കുന്നവരോട്...

ചിലപ്പോൾ നമുക്ക് ഇന്ന് പണം ഇല്ലായിരിക്കും, ചിലപ്പോൾ ഭക്ഷണം നന്നായി കഴിക്കാനുണ്ടാകില്ല. പക്ഷേ ഞാൻ അതിനെക്കാളും പ്രാധാന്യം കൊടുക്കുന്നത് സമൂഹത്തിനു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുക എന്നുള്ളതിനാണ്. അപ്പോൾ അതുകൊണ്ട് തന്നെ സ്ഥിര വരുമാനത്തേക്കാൾ ഉപരി സമൂഹത്തോടുള്ള പ്രതിബദ്ധതയോടാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. പിന്നെ ക്രൗഡ് ഫണ്ടിംഗ് നടത്തിയാണ് നമ്മള്‍ സമരങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തുന്നത്. അപ്പോള്‍ ഭക്ഷണം അങ്ങനെയൊക്കെ അതിലൂടെ നടന്നുപോകും. ലളിതമായ ജീവിതം ആയതിനാല്‍ പണത്തോട് താല്‍പര്യമില്ല. പാര്‍ട്ടി കുടുംബമാണ്. അച്ഛൻ പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണ്. അമ്മ ലോക്കൽ കമ്മിറ്റി അംഗമാണ്. അവര്‍ കാണിച്ചു തന്ന പാതയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്.

മൂന്നാം പിണറായി സർക്കാർ വരുമോ?

ഈ പത്ത് വർഷത്തെ ഭരണകാലം കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഒരു വലിയൊരു പ്രതിഷേധമുണ്ട്, ഭരണ വിരുദ്ധ വികാരമുണ്ട്. അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്‍ഡിപിഐ വോട്ട് ഇത്തവണ എൽഡിഎഫിന്? മങ്കടയും വേങ്ങരയുമടക്കം പ്രധാന മണ്ഡലങ്ങളിൽ പിന്തുണയെന്ന് സൂചന, ഔദ്യോഗിക തീരുമാനായിട്ടില്ലെന്ന് നേതാക്കള്‍
നേമം മണ്ഡലത്തിലെ പരസ്യ സംവാദം: അസൗകര്യമെങ്കിൽ തിയതി മാറ്റാം; രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെയെന്നും വി ശിവൻകുട്ടി