
ദില്ലി: കെപിസിസി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. ഹൈക്കമാൻഡിന് കൈമാറിയ പട്ടികയിൽ അവസാന വട്ടചർച്ചക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിയിലെത്തി. നേരത്തെ, കൈമാറിയ പട്ടിക ചിന്തൻ ശിബിര നിർദ്ദേശങ്ങൾ കൂടി പാലിച്ച് തിരുത്തലകൾക്ക് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. പ്രായം, ജാതി സമവാക്യങ്ങൾ എന്നിവ പാലിക്കാത്തതും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടിയിരുന്നു.
ഭാരവാഹികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കെപിസിസി അംഗങ്ങളെ തീരുമാനിക്കാനുള്ള നടപടി നീളുകയായിരുന്നു. അതേസമയം, കെപിസിസി പുനസംഘടനക്ക് എതിരെ കെ മുരളീധരൻ എംപി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സ്ഥാനമാനങ്ങൾ വീതംവച്ച് പാർട്ടിയെ വീണ്ടും ഐസിയുവിലേക്ക് അയക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ മുരളീധരൻ തുറന്നടിച്ചു.
കെപിസിസി പുന:സംഘടനയിൽ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിലെത്തിയിരുന്നു. പട്ടികയും അന്തിമമായിരുന്നു. ഇത് ഹൈക്കമാന്‍ഡിന് കൈമാറാനിരിക്കെയായിരുന്നു രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ കെ മുരളീധരൻ രംഗത്തെത്തിയത്. ഇതോടെ കെപിസിസി പട്ടിക പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ എന്ത് പൊട്ടിത്തെറിയാണ് ഉണ്ടാകുകയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
കെ.മുരളീധരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ നിയമസഭ,ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ ഐ.സി.യുവിൽ ആയ പ്രസ്ഥാനത്തെ പൂർണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയിൽ നമ്മൾ തിരികെ കൊണ്ടുവന്നിരുന്നു.ഐക്യതയോടെയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.എന്നാൽ സ്ഥാനമാനങ്ങൾ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങൾ ചില ഭാഗത്തുനിന്നും കാണുന്നതിൽ അതിയായ ദുഃഖമുണ്ട്.
കെപിസിസി അംഗങ്ങളുടെ പുനഃസംഘടന പട്ടികയിൽ 28 പുതുമുഖങ്ങളെ ഉൾപെടുത്താൻ ആണ് ധാരണയായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യോഗം ചേർന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്.
280 അംഗപട്ടികയിൽ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമർപ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാൻ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. ഇതേത്തുടർന്നാണ് മാറ്റം വരുത്തിയത്. ഏകദേശം 25 ശതമാനം പുതിയ ആളുകളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിൽ പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വവും ഗ്രൂപ്പുകളും നേരത്തെ ധാരണയിലെത്തിയിരുന്നു.