എ കെ സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; എം എസ് പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

By Web TeamFirst Published Aug 17, 2019, 8:36 AM IST
Highlights

പരിശീലനത്തിന്  ശേഷമായിരിക്കും അടുത്ത സീസണ്‍ മുതല്‍ സുധീര്‍ നമ്പൂതിരി ചുമതലയേറ്റെടുക്കുക.

സന്നിധാനം: ശബരിമല പുതിയ മേൽശാന്തിയായി തിരുനാവായ അരീക്കര ഇല്ലം എ കെ സുധീർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ആലുവ മാടവന ഇല്ലം എം എസ് പരമേശ്വരൻ നമ്പൂതിരിയാണ് മാളികപ്പുറം പുതിയ മേൽശാന്തി. ഉഷപൂജക്ക് ശേഷമാണ് സോപാനത്ത് നറുക്കെടുപ്പ് നടന്നത്. ഒന്‍പത് അംഗ മേൽശാന്തി പട്ടികയിൽ നിന്ന് അവസാനമായാണ് സുധീർ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടത്. 

പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളാണ്  നറുക്കെടുത്തത്. നിലവിൽ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ടത് ദൈവാനുഗ്രഹമായി കാണുന്നുവെന്ന് സുധീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒന്‍പത് അംഗ പട്ടികയിൽ നിന്ന് അഞ്ചാമത്തെ നറുക്കിലാണ് എം എസ് പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ശബരിമല സ്പെഷ്യൽ കമ്മിഷണറുടേയും ദേവസ്വം ബോർഡ് പ്രസിഡന്‍റ്  ഉൾപ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർക്ക് തന്ത്രിയും നിലവിലെ മേൽശാന്തിമാരും ചേർന്ന് ഒരു മാസം പരിശീലനം നൽകും. നേരത്തെ താഴ്മൺ മഠത്തിൽ വച്ച് ശാന്തിമാർക്ക് പരിശീലനം നൽകുന്ന പതിവുണ്ടായിരുന്നു.  തുലാം ഒന്നു മുതലായിരിക്കും ഇവർക്ക് പരിശീലനം നൽകുക. വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.

click me!