
തിരുവനന്തപുരം: സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനിൽക്കെ, തലസ്ഥാനത്ത് കവി താമസിച്ചിരുന്ന വീട് വിറ്റുപോയി. പരിപാലനം അടക്കം വലിയ പ്രതിസന്ധികൾ മുന്നിൽ നിൽക്കെയാണ് 'വരദ' എന്ന വീട് വിൽക്കേണ്ടി വന്നതെന്ന് മകൾ ലക്ഷ്മി ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീടില്ലാതായതോടെ സുഗതകുമാരിയുടെ സ്മാരക ശേഷിപ്പുകളും അന്യാധീനപ്പെടുകയാണ്.
എഴുത്ത് ജീവിതവും കവിതാലാപനവും അനീതികളോട് ഉറക്കെയുറക്കെയുള്ള കലഹങ്ങളുമൊക്കെയായി പതിറ്റാണ്ടുകളോളും കവി കഴിഞ്ഞ വീട്. അശരണര്‍ക്കുമുന്നിൽ വാതിലുകൾ മലര്‍ക്കെ തുറന്നിട്ടിരുന്ന വരദയുടെ മുറ്റത്ത് ആൾപ്പെരുമാറ്റം ഇല്ലാതായിട്ട് രണ്ടരക്കൊല്ലമായി. കാലങ്ങളായി കവിയുടെ ഓര്‍മ്മ സമ്പാദ്യങ്ങളെല്ലാം വീടൊടെ കാടുമൂടി. മരണാനന്തരം കേട്ട പ്രഖ്യാപനങ്ങളൊക്കെ വെറും വാക്കുകളായി, സ്മാരം പണിയുമെന്ന് പറഞ്ഞ സര്‍ക്കാരോ സ്മരണികയിറക്കുമെന്ന് പറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരോ ആരും പിന്നീടീവഴി വന്നില്ല. ഇഷ്ടമുണ്ടായിട്ടല്ല, സംരക്ഷിക്കാൻ ആളും സാഹചര്യങ്ങളും ഇല്ലാതായതോടെയാണ് വീട് വിൽക്കേണ്ടിവന്നതെന്ന് മകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാഹനം വന്നെത്താത്ത വഴിയും പരിപാലന ചെലവും എല്ലാം കാരണമായി.
കിട്ടിയ പുരസ്കാരങ്ങളത്രയുമുണ്ട്, കെട്ടുകണക്കിന് പുസ്തകങ്ങളുണ്ട്, കാര്യപ്പെട്ട രേഖകളും അമൂല്യമായ കത്തുകളും കവിയുടെ കൈപ്പടയുമുണ്ട്. വിൽപ്പന നടന്ന വീട്ടിൽ നിന്നും എല്ലാം എടുത്ത് പെറുക്കി അവിടവിടെയായി കൂട്ടിയിട്ട അവസ്ഥയിലാണിപ്പോൾ. സുഗതകുമാരി, വരദ, നന്ദാവനം, തിരുവനന്തപുരം എന്ന വിലാസം ഇനിയില്ല. ഒരു സ്മാരകം എന്നത് കൊണ്ട് സര്‍ക്കാര് ഉദ്ദേശിക്കുന്നത് എന്തെന്ന് അറിയില്ല, ഓര്‍മ്മകൾ സംരക്ഷിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് ഈ അവസ്ഥയിലല്ലെങ്കിൽ ഇനി എപ്പോൾ എന്നതാണ് ഉയരുന്ന ചോദ്യം.
Also Read: ജന്‍മദിനത്തില്‍ സുഗതകുമാരിയ്ക്കായി കേരളമാകെ ഓര്‍മ്മമരങ്ങള്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam