സാമൂഹിക സംഘടനകളുടെ നിര്‍ദേശങ്ങളിൽ പ്രധാനപ്പെട്ടവ പ്രകടന പത്രികയിൽ വരുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jan 19, 2021, 6:32 PM IST
Highlights

നാലു വർഷത്തിനുള്ളിൽ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 ഉം പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: സാമൂഹിക സംഘടനകള്‍ മുന്നോട്ടുവയക്കുന്ന നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ അടുത്ത പ്രകടനപത്രികയിൽ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന സദസ്സിന് സാമൂഹിക സംഘടനകള്‍ നൽകിയത്  മികച്ച പിന്തുണയാണെന്നും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ സംഘടനകളുമായി സർക്കാർ പ്രത്യേക ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലു വർഷത്തിനുള്ളിൽ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 ഉം പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സാമൂഹിക സംഘടനകളുമായി നടത്തിയ ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൻറെ തുടർച്ചയായാണ് സംഘടനകളുടെ യോഗം വിളിച്ചത്.

പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ 4 വർഷം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 600 - 570 കാര്യങ്ങൾ നാലുവർഷത്തിൽ പൂർത്തിയാക്കി. എന്നാൽ പ്രളയവും കൊവിഡും തുടർ പ്രവർത്തനങ്ങളെ ബാധിച്ചു. കേരളത്തിലെ ഓരോ വിഭാഗങ്ങളുടെയും അനുഭവം കേട്ട ശേഷമാകും പ്രകടനപത്രിക തയ്യാറാക്കുക. അതിന് വേണ്ടിയാണ് യോഗങ്ങൾ വിളിച്ചത്.

ജില്ലകൾ കേന്ദ്രീകരിച്ചാണ് യോഗങ്ങൾ വിളിച്ചത്. എന്നാൽ ചിലർക്ക് വിവരം ലഭിക്കാത്തതിനാൽ പങ്കെടുക്കാനായില്ലെന്ന് പരാതി വന്നു. സാമൂഹിക നീതിയിൽ അധിഷ്ഠിതവും സർവ്വതല സ്പർശിയുമായ വികസനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നവോത്ഥാന സദസിന് സംഘടനകളുടെ ഭാഗത്ത് നല്ല പ്രതികരണമാണ് ലഭിച്ചത്. മറ്റു ചില രൂപത്തിൽ അതിൻ്റെ പ്രാധാന്യം കുറച്ചു കാണിക്കാൻ ശ്രമം നടന്നു. സാമൂഹ്യ സംഘടനകളുടെ അഭിപ്രായം അതി ഗൗരവമായി എൽഡിഫ് പരിഗണിക്കും. അവര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

click me!