
പാലക്കാട്: ഡിവൈഎസ്‍പിയെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ്. രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ചെർപ്പുളശേരി എസ്എച്ച്ഓ ബിനു തോമസിൻ്റെ ആത്മഹത്യക്കുറിപ്പിലാണ് നിലവില്‍ കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഡിവൈഎസ്‍പി എ.ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങളുളളത്. പെണ്‍വാണിഭക്കേസില്‍ പിടിയിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്നും പീഡിപ്പിക്കാന്‍ തന്നെയും പ്രേരിപ്പിച്ചെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ആത്മഹത്യ കുറിപ്പ് കസ്റ്റഡിയിലുണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പാലക്കാട് എസ് പി പറഞ്ഞു.
ഇക്കഴിഞ്ഞ നവംബർ 15 നാണ് ചെർപ്പുളശ്ശേരി എസ്എച്ച്ഓ ബിനുതോമസിനെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 32 പേജുള്ള ആത്മഹത്യാകുറിപ്പും റൂമില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യ കുറിപ്പിലെ നാല് അഞ്ച് ആറ് പേജുകളിലാണ് നിലവില്‍ കോഴിക്കോട് റൂറലില്‍ ഡിവൈഎസ്പിയായി ജോലി ചെയ്യുന്ന എ. ഉമേഷിനെതിരെ ഗരുതര ആരോപണങ്ങള്‍ ബിനു തോമസ് ഉന്നയിക്കുന്നത്. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന ഉമേഷ് പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തെന്നും അതിലുള്‍പ്പെട്ട സ്ത്രീയെ അന്ന് തന്നെ ഉമേഷ് മറ്റൊരു കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചു എന്നും അന്ന് താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും പറയുന്നു.
പൊലീസ് പിടികൂടിയ വിവരം പുറത്തറിയാതിരിക്കാനെന്ന പേരിലായിരുന്നു സിഐ ഈ ക്രൂരത കാട്ടിയതെന്നും തന്നോടും അവരെ പീഡിപ്പിക്കാന്‍ ഉമേഷ് നിര്‍ദ്ദേശിച്ചുവെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. പിന്നീട് ഇതേ സ്ത്രീയുമായി താനും സൗഹൃദത്തിലായെന്നും ബിനു തോമസ് സമ്മതിക്കുന്നു. ഈ സ്ത്രീയെക്കുറിച്ച് പറഞ്ഞ് ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. അതേസമയം, ജിവനൊടുക്കാന്‍ കാരണം ഇത് മാത്രമാണോ എന്ന് കുറിപ്പില്‍ വ്യക്തമല്ല.
കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിയായ ബിനു തോമസ് 2007ലാണ് സബ് ഇന്‍സ്പെക്ടറായി സര്‍വീസില്‍ പ്രവേശിച്ചത്. ആറു മാസം മുമ്പായിരുന്നു ചെര്‍പ്പുളശ്ശേരി എസ്എച്ച്ഓയായി ചുമതലയേറ്റത്. നവംബര്‍ 15ന് ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ ക്വാര്‍ട്ടേഴ്സിലേക്ക് പോയ ബിനു പിന്നെ തിരിച്ചുവന്നില്ല. തുടര്‍ന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോള്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, ആരോപണം അടിസ്ഥാന രഹിതമെന്നും ഇങ്ങനെയൊരു സ്ത്രീയെക്കുറിച്ചോ ആത്മഹത്യ കുറിപ്പില്‍ പറയുന്ന സംഭവത്തെക്കുറിച്ചോ അറിയില്ല എന്നും ഡിവൈഎസ്‍പി ഉമേഷ് പ്രതികരിച്ചു. ആത്മഹത്യാകുറിപ്പ് ഉൾപ്പെടെ അന്വേഷണത്തിൻറെ ഭാഗമായി പരിശോധിച്ചു വരികയാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു.