ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ മഴ; മുന്നറിയിപ്പ്

Published : Mar 17, 2025, 09:55 AM IST
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ മഴ; മുന്നറിയിപ്പ്

Synopsis

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ 12 ജില്ലകളിലും അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് പ്രവചനം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 

ഇടിമിന്നൽ അപകടകാരികളാണ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.  ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചിരുന്നു. കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ ആണ് മരിച്ചത്. വൈകീട്ട് കൊയ്‌ത്ത് കഴിഞ്ഞ പുത്തന്‍വരമ്പിനകം പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. പട്ടാമ്പി കൊപ്പത്തും കഴിഞ്ഞ ദിവസം മൂന്ന് പേർക്ക് മിന്നലേറ്റിരുന്നു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. 

ജാഗ്രതാ നിർദ്ദേശം

- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം

Read More : അത്യന്തം അപകടകരം; കേരളത്തിൽ 2 ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി, റെഡ് അലർട്ട് പുറപ്പെടുവിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു, തെരുവുനായ ആക്രമണ വിഷയത്തിൽ സിരിജഗൻ കമ്മിറ്റിയുടെ അധ്യക്ഷനായടക്കം പ്രവർത്തിച്ച വ്യക്തിത്വം
തെങ്ങ് കടപുഴകി തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്