
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ന് തുടക്കമായി. കാക്കനാട് കിൻഫ്ര ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിന്‍റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.
കേരളത്തിന്‍റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ മന്ത്രി, ജെയിൻ സർവ്വകലാശാലയുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു ഉച്ചകോടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. സമാനമായ നിരവധി ഉച്ചകോടികളുടെ വേദി ഇപ്പോൾ കേരളമാണ്. ഇന്‍റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. അതുപോലെ ബാങ്കിങ് ഡിജിറ്റലൈസ് ചെയ്ത ഏക സംസ്ഥാനവും കേരളമാണ്. വ്യവസായ സ്ഥാപനങ്ങളുടെ ഇൻഡെക്സിൽ കേരളം ഒന്നാമതാണ്. ലോകത്തിലേക്ക് ആവശ്യമായ 12 ശതമാനം ബ്ലഡ് ബാഗുകൾ നിർമ്മിക്കുന്നതും ഇന്ത്യയിൽ ഏറ്റവും അധികം ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ളതും കേരളത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജെയിൻ സർവ്വകലാശാല കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതെന്ന് ജെയിൻ സർവ്വകലാശാലയുടെ ചാൻസലർ ഡോ ചെൻരാജ് റോയ്ചന്ദ് പറഞ്ഞു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും സർവകലാശാലയ്ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നും വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത് സങ്കടകരമാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. എന്നാൽ ഇത്തരമൊരു ഉച്ചകോടിയിലൂടെ അവരെ കേരളത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്നും എം.പി അഭിപ്രായപ്പെട്ടു. സമ്മിറ്റിന്റെ ഭാഗമായി മലയാള പത്രങ്ങളിൽ നൽകിയ മാർക്കറ്റിങ് ഫീച്ചർ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്‍റെ താഴെതട്ട് മുതൽ ഉള്ളവർക്ക് ഗുണകരമാകുന്ന രീതിയിലാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ വിഭാവനം ചെയ്തതെന്ന് ജെയിൻ സർവകലാശാല ന്യൂ ഇനിഷേറ്റീവ് ഡയറക്ടർ ഡോ ടോം എം ജോസഫ് പറഞ്ഞു. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ രാജ് സിംഗ്, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ശാലിനി മേടപ്പള്ളി, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, പ്രൊ വൈസ് ചാൻസലർ ജെ ലത എന്നിവർ സംസാരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആശുപത്രിയിൽ നിന്നും ഓൺലൈനായി സമ്മേളനത്തെ അഭിസംബോധന ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam