
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊടും ചൂട് കാരണം ഉണ്ടാകുന്ന, പ്രശ്നങ്ങളെ ദുരന്തത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരവും നിശ്ചയിച്ചു.
സംസ്ഥാനത്ത് നിലവില്‍ ഉഷ്ണതരംഗ മുന്നറിയിപ്പില്ല. എന്നാല്‍, ഈ മാസം അവസാനത്തോടെ വേനല്‍ കടുത്തേക്കും എന്നാണ് വിവരം. മെയ് മാസം അവസാനം വരെ ഈ സാഹചര്യം തുടര്‍ന്നേക്കും. സൂര്യഘാതം ഒഴിവാക്കാന്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ വെയിലത്തുള്ള ജോലിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കണം എന്നാണ് നിര്‍ദ്ദേശം.
സൂര്യഘാതവും വെയിലേറ്റുള്ള ഗുരുതരമായ പൊള്ളലും സംസ്ഥാന ദുരന്തങ്ങളുടെ പട്ടകയില്‍പ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിച്ച് ഉത്തരവിറക്കി. സൂര്യാഘാതമേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. കാഴ്ച നഷ്ടപ്പെട്ടാല്‍ പരമാവധി രണ്ടുലക്ഷം രൂപവരെ നല്‍കും. പൊള്ളലേറ്റ് ആശുപത്രിയില്‍ കിടക്കേണ്ടിവന്നാല്‍ 12700 രൂപയാണ് സഹായമായി അനുവദിക്കുക. കന്നുകാലികള്‍ ചത്താല്‍ 30,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കും.
വേനല്‍ച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം നീങ്ങുകയാണ്. പൊരിവെയിലത്ത് പ്രചാരണം ഒഴിവാക്കാന്‍ നേതാക്കളും അണികളും ശ്രദ്ധിക്കണം. ജീവിത ശൈലി രോഗങ്ങളുള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അവധിക്കാലമാകുന്നതോടെ കുട്ടികള്‍ക്ക് സൂര്യാഘാത സാധ്യത ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയപ്പ് നല്‍കി. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam