
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ മാത്രം ഏഴ് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ഉയരും.
തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. വേനല്‍ മഴ അകന്നുനില്‍ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേർക്കാണ് സൂര്യാഘാതമേറ്റത്.
സൂര്യാഘാതത്തിനു പുറമേ ചിക്കൻപോക്സ്, കോളറ, ഡെങ്കിപ്പനി അടക്കം സാംക്രമിക രോഗങ്ങള്‍ക്കും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണണെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെളളം കുടിക്കണം, ചായ, കാപ്പി എന്നിവ പകല്‍സമയത്ത് ഒഴിവാക്കണം, അയഞ്ഞ ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ധരിക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത വെയില്‍ ഏല്‍ക്കുന്നില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പാക്കണം. തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണറും ഉത്തരവിറക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam