
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി, ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനിൽ കനഗോലു അവതരിപ്പിച്ചു. വയനാട്ടിൽ നടക്കുന്ന കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പ് യോഗത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികൾ ആരാവണം, എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളിൽ എത്രത്തോളം ജയസാധ്യതയുണ്ട് എന്നടക്കം വിശദമായ പഠന റിപ്പോർട്ടാണ് സുനിൽ കനഗോലു അവതരിപ്പിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ "മിഷൻ 2026" റിപ്പോർട്ട് ഇന്ന് ക്യാമ്പിലെ പൊതുയോഗത്തിലും അവതരിപ്പിക്കും. 100 സീറ്റ് നേടി ഭരണത്തിൽ എത്താനുള്ള കർമ്മ പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ക്യാമ്പിൽ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ പൊതു ചർച്ച ഉണ്ടാകും. സ്ഥാനാർത്ഥി നിർണയം നേരത്തെ ആക്കാനുള്ള സംഘടനാ ദൗത്യത്തിനാണ് മുഖ്യ പരിഗണന. ഫെബ്രുവരി ആദ്യവാരത്തിനുള്ളിൽ 70 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയിലെത്താനും പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയിൽ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനുമാണ് നീക്കം.
സംസ്ഥാന സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ സമരപരിപാടികൾക്ക് കലണ്ടറും തയ്യാറാക്കും. ഇന്നലെ നടന്ന അവലോകന യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും പരാജയപ്പെട്ട ഇടങ്ങളിലെ കാര്യകാരണങ്ങളും നേതൃയോഗം വിശദമായി ചർച്ച ചെയ്തു. ഇന്ന് വൈകിട്ട് "ലക്ഷ്യ" ക്യാമ്പ് സമാപിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam