
കൊച്ചി: കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർ സുനിത ഡിക്സൺ ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പാർടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വമെടുത്തു. മുൻപ് കോൺഗ്രസിലായിരുന്ന സുനിത ഡിക്‌സൺ 2010 ൽ വൈറ്റിലയിൽ നിന്ന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015 ൽ ഇവർ കോൺഗ്രസ് വിമതയായി മത്സരിച്ചെങ്കിലും ജയിച്ചില്ല. കഴിഞ്ഞ തവണ ആർഎസ്‌പി സ്ഥാനാർത്ഥിയായാണ് ഇവർ നഗരസഭയിലേക്ക് ജയിച്ചത്. ഇത്തവണ ആർഎസ്‌പി വിട്ട് ബിജെപിയിൽ ചേർന്ന സുനിത ഡിക്‌സൺ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് വിവരം.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. വീട്ടമ്മയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്‍റെ സസ്പെൻഷൻ ഒഴിവാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ നെയ്യാറ്റിൻകരയിൽ പാർട്ടി വിട്ടത്. മഹിളാ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി മിഷ, ജയ, ഉഷ ഉൾപ്പടെയുള്ള പത്തോളം പേരാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞമാസം 19-ാം തീയതിയാണ് നഗരസഭ കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ വി എസ് ശിവകുമാറും നെയ്യാറ്റിൻകര സനലും കെപിസിസി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാകോൺഗ്രസ് പ്രവർത്തകരുടെ രാജി.