
ദില്ലി: മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ സുധാകരനെയും അടൂര്‍പ്രകാശിനെയും കണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതൃത്വവുമായി അതൃപ്തിയിലുള്ള കെ സുധാകരനെ ദില്ലിയിലെ ഫ്ലാറ്റിലെത്തിയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തിയത്. അടൂര്‍ പ്രകാശുമായും ദില്ലിയിൽ സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തി. ഇരുവരും മത്സര സന്നദ്ധത അറിയിച്ചിരുന്നു. കണ്ണൂര്‍ മത്സരിക്കുമെന്ന് കെ സുധാകരൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ടന്ന താക്കീതുമായി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. മത്സര സന്നദ്ധത അറിയിച്ചിട്ടും അനുകൂല തീരുമാനമെടുക്കാത്തതിൽ നേതൃത്വവും ഇടഞ്ഞുനിൽക്കുകയാണ് കെ സുധാകരൻ. ഇതിനിടെയാണ് നിര്‍ണായക കൂടിക്കാഴ്ച എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേതാകുമെന്ന് ഇരുവരെയും സണ്ണി ജോസഫ് ധരിപ്പിച്ചു. കെ സുധാകരൻ മത്സരിക്കണമെന്ന് ഒരു വിഭാഗം കേരളത്തിൽ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച.
അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചയുമായി ബന്ധപ്പെട്ട് നാളെ തെരഞ്ഞെടുപ്പ് സമിതി യോഗം ഉണ്ടാകില്ല. സ്ക്രീനിംഗ് കമ്മിറ്റി മാത്രമായിരിക്കും ഉണ്ടാകുക. തിങ്കളാഴ്ച അടുത്തഘട്ട തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കും. ഭൂരിഭാഗം സീറ്റുകളും തിങ്കളാഴ്ചയോടെ തീരുമാനിക്കും.കണ്ണൂർ സീറ്റിൽ താൻ തന്നെ മത്സരിക്കുമെന്ന കെ സുധാകരന്‍റെ പ്രഖ്യാപനത്തെ ചൊല്ലിയാണ് കോണ്‍ഗ്രസിൽ അതൃപ്തി പുകഞ്ഞത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനൊരുങ്ങിയ അണികളെ സുധാകരൻ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
കോൺഗ്രസ് മികച്ച ജയസാധ്യത കാണുന്ന കണ്ണൂർ സീറ്റിന്ർറെ കാര്യത്തിൽ സുധാകരനുമായി ആശയവിനിമയം ഇതുവരെ നടന്നിട്ടില്ലെന്നാണ് വിവരം. എംപിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാം. മത്സരിക്കണമെന്ന് എംപിമാരായ കെ സുധാകരനും അടൂര്‍ പ്രകാശും നിലപാടെടുത്തിന് പിന്നാലെ എം കെ രാഘവനും, കൊടിക്കുന്നില്‍ സുരേഷും, ഷാഫി പറമ്പിലും നേതൃത്വത്തെ മത്സരസന്നദ്ധത അറിയിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കണമെന്ന ആവശ്യവും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ മുന്നോട്ട് വച്ചു. എന്നാല്‍, എംപിമാര്‍ മത്സരിക്കേണ്ടെന്ന കടുത്ത നിലപാടാണ് സംസ്ഥാന നേതാക്കളെടുത്തത്. എംപിമാര്‍ ഇറങ്ങിയാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് നേതാക്കള്‍ നിലപാട് കടുപ്പിച്ചു. സ്ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയും എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിലപാടെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, മത്സരിക്കാന്‍ താല്‍പര്യമറിയിച്ചിട്ടില്ലെന്നാണ് കെ സി വേണുഗോപാലും, ഷാഫി പറമ്പിലും പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam