മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. രതീഷ് തുടരുന്നത് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.

തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ് രാജിവെച്ചു. റുട്രോണിക്സ് എംഡി, ഖാദി തൊഴിലാളി ക്ഷേമ നിധി ബോർഡ് സിഇഒ പദവികളും രതീഷ് ഒഴിഞ്ഞു. അഴിമതിക്കേസിൽ വിചാരണ കാത്ത് കഴിയുന്ന ഒരാള്‍ ഈ പദവികളിൽ തുടരുന്നതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി രതീഷിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. 

കെ എ രതീഷിനെയും ഐഎൻടിയുസി പ്രസിഡണ്ട് ആ‌ർ ചന്ദ്രശേഖരനേയും കശുവണ്ടി അഴിമതിക്കേസിൽ വിചാരണ ചെയ്യാൻ സര്‍ക്കാര്‍ അനുമതി നൽകിയത് ഹൈക്കോടതി വടി എടുത്തപ്പോള്‍. ഒരിക്കല്‍ കൂടി ഹൈക്കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു പദവികള്‍ രാജിവെച്ചൊഴിയാനും. കശുവണ്ടി അഴിമതിക്കേസിൽ സിബിഐ കുറ്റപത്രം നൽകിയിട്ടും ഉന്നത പദവികളിൽ തുടരുകയായിരുന്നു രതീഷ്. ഖാദി ബോർഡ് സെക്രട്ടറി, റുട്രോണിക്സ് എംഡി, ഖാദി തൊഴിലാളി ക്ഷേമ നിധി ബോർഡ് സിഇഒ എന്നീ പദവികളിലാണ് രതീഷ് വഹിച്ചിരുന്നത്. 

ഇത് ചോദ്യം ചെയ്ത് കെ എം ഷാജഹാൻ ഹൈക്കോടതിയിലെത്തി. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ, കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ഷിച്ചു. അഴിമതിക്കേസിൽ വിചാരണ കാത്തു കഴിയുന്ന ഒരാള്‍ ഈ പദവികളിൽ എങ്ങനെ തുടരുന്നു എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. നല്ലരീതിയിൽ കൈക്കൂലി വാങ്ങാൻ കഴിയുന്ന പദവികളല്ലേ ഇതെന്നും കോടതി ചോദിച്ചു. തൊട്ടു പിന്നാലെ കശുവണ്ടി കേസിലെ പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തി സിബിഐ കോടതിക്ക് റിപ്പോര്‍ട്ടും നല്‍കി. ഇതോടെ നിവൃത്തിയില്ലാതെ രാജിവെച്ചൊഴിയാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

കശുവണ്ടി കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടും അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ അനുമതി നല്‍കാതെ പ്രതികളെ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു കഴിഞ്ഞ പിണറായി സര്‍ക്കാര്‍. കശുവണ്ടി ഇടപാടില്‍ ഒരു വിധത്തിലുമുള്ള അഴിമതി നടന്നിട്ടില്ലെന്നും നടപടിക്രമങ്ങളിലുണ്ടായ ചെറിയ വീഴ്ചകള്‍ മാത്രം എന്നുമായിരുന്നു ന്യായീകരണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം, വ്യവസായ വകുപ്പ് സെക്രട്ടറിയെ ഹൈക്കോടതിയിൽ വിളിച്ചു വരുത്തി കോടതിയലക്ഷ്യ നടപടിക്ക് മുതിര്‍ന്നപ്പോഴാണ് വിചാരണക്ക് അനുമതി നല്‍കാൻ സര്‍ക്കാര്‍ നിര്ബന്ധിതമായത്.

കശുവണ്ടി അഴിമതി കേസ്; ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം കെ.എ രതീഷ് രാജിവച്ചു