
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ എംപിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ തീരുമാനമെടുക്കുന്നത് എഐസിസിയെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. എംപിമാര്‍ മത്സരിക്കേണ്ടെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചിട്ടില്ല. ഓരോ ജില്ലയിലെയും നേതാക്കളോട് സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ചില എംപിമാര്‍ ആശിക്കുന്നു. എന്നാൽ, എംപിമാരെ മത്സരിപ്പിക്കുന്നതിനെതിരെ പൊതു വികാരം തെരഞ്ഞെടുപ്പ് സമിതിയിലുണ്ടായി. എന്നാൽ, മത്സരിപ്പിക്കേണ്ടെന്ന് സമിതി തീരുമാനിച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്‍റിന്‍റെ വിശദീകരണം. ലോക്സഭയിലെ അംഗ സംഖ്യയും ഉപതെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വം ആശിക്കുന്ന എംപിമാര്‍ക്ക് ഹൈക്കമാന്‍ഡ് ഇളവ് നൽകുമോയെന്നാണ് അറിയേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചവരെ ഉടനടി നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന നിര്‍ദേശവും തെരഞ്ഞടുപ്പ് സമിതിയിൽ ഉയര്‍ന്നു.
ഓരോ ജില്ലയിലെയും നേതാക്കളെയും വെവ്വേറെ കാണുകയാണ് പാര്‍ട്ടി നേതൃത്വം. സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിക്കാനാണ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുന്ന ഒരു കാര്യം. ഈ നിര്‍ദേശങ്ങളിൽ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ജില്ലകളിലെ സംഘടനാ പ്രശ്നങ്ങള്‍ ഉടനടി തീര്‍ക്കാൻ നിര്‍ദേശിച്ചു. പ്രവര്‍ത്തനം മോശമായ മണ്ഡലം, ബ്ലോക്ക് പ്രസിഡന്‍റുമാരുടെ കാര്യത്തിൽ തീരുമാനമെടുക്കാനും നിര്‍ദേശിച്ചു. എസ്ഐആര്‍, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയെന്നതിൽ ശ്രദ്ധ വേണമെന്നും നിര്‍ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam