
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കൂട്ടുപ്രതികളായ ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, സണ്‍സിറ്റി മീഡിയാ എന്‍റര്‍ടെയിന്‍മെന്‍റ് സിഇഓ സുനില്‍ രജനി എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്
കൊച്ചിയിലെ അഭിഭാഷക സംഘംവഴിയാണ് സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. മുബൈ അന്ധേരിയിലെ വിലാസത്തില്‍ കരണ്‍ജിത് കൗര്‍ എന്ന പേരിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, സണ്‍സിറ്റി മീഡിയാ എന്‍റര്‍ടെയിന്‍മെന്‍റ് സിഇഓ സുനില്‍ രജനി എന്നിവര്‍ കേസില്‍ രണ്ടും മൂന്നും പ്രതികളാണ്. ഇവരും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ വിവിധ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങിയ ശേഷം വഞ്ചിച്ചു എന്നാണ് പെരുമ്പാവൂര്‍ അറക്കപ്പടി സ്വദേശിയായ ഷിയാസിന്‍റെ പരാതി.
ഡിജിപിക്ക് നല്‍കിയ പരാതി കൊച്ചിയില്‍ സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. തുടര്‍ന്ന് ഷൂട്ടിംഗിനായി തിരുവനന്തപുരത്തെത്തിയ സണ്ണി ലിയോണിനെ ക്രൈബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. പരിപാടി സംഘടിപ്പിക്കുന്നതില്‍ സംഘാടകര്‍ക്ക് പറ്റിയ വീഴ്ചയാണ് കാരണമെന്നും വഞ്ചിച്ചിട്ടില്ലെന്നുമായിരുന്നു ഇവരുടെ മൊഴി . പരിപാടികള്‍ക്കായി അഞ്ച് തവണ താന്‍ ഡേറ്റ് മാറ്റി നല്‍കിയിരുന്നുവെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
മനപ്പൂര്‍വ്വം സംഘാടകരെ വഞ്ചിക്കാന്‍ സണ്ണി ലിയോണ്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ക്രൈബ്രാഞ്ചിന് പ്രാഥമികമായി മനസ്സിലാക്കാനായത്. കേസ് നിലനില്‍ക്കില്ലെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറാനാണ് ആലോചന. എന്നാല്‍ സണ്ണി ലിയോണ്‍ കളളം പറയുകയാണെന്ന് പരാതിക്കാരന്‍ പറയുന്നു. കേസുമായി മുന്നോട്ട് പോകാനാണ് ഷിയാസിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam