നോളജ് സിറ്റിയുടെ അനധികൃതനിർമാണങ്ങളിൽ റവന്യൂ വകുപ്പിന്റെ ഒളിച്ചുകളി; അന്വേഷണറിപ്പോർട്ടിൽ പരാമർശമില്ല

Web Desk   | Asianet News
Published : Jan 21, 2022, 07:29 AM ISTUpdated : Jan 21, 2022, 01:56 PM IST
നോളജ് സിറ്റിയുടെ അനധികൃതനിർമാണങ്ങളിൽ റവന്യൂ വകുപ്പിന്റെ ഒളിച്ചുകളി; അന്വേഷണറിപ്പോർട്ടിൽ പരാമർശമില്ല

Synopsis

പരാതികളെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് നടന്ന അന്വേഷണത്തിനൊടുവില്‍ വിവിധ വകുപ്പുകള്‍ തയ്യാറാക്കിയ ഈ ഏഴ് പേജ് റിപ്പോര്‍ട്ടില്‍ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് നടത്തിയ നിയമലംഘനങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നു. എന്നാല്‍ കാന്തപുരത്തിന്‍റെ നോളജി സിറ്റിയെക്കുറിച്ച് ഒരു വാക്ക് പോലും ഈ റിപ്പോര്‍ട്ടുകളിലില്ല

കോഴിക്കോട്: കോടഞ്ചേരിയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ (kanthapuram aboobackar musaliyar)നേതൃത്വത്തിലുളള നോളജ് സിറ്റിയിലെ(knowledge city) അനധികൃത നിര്‍മാണങ്ങളുടെ കാര്യത്തില്‍ റവന്യൂ വകുപ്പിന്‍റെ ഒളിച്ചുകളി. കോടഞ്ചേരി വില്ലേജിലെ നിയമലംഘനങ്ങള്‍ സംബന്ധിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നോളജ് സിറ്റിയെക്കുറിച്ച് പരാമര്‍ശമില്ല. തോട്ടഭൂമി നിയമവിരുദ്ധമായി തരംമാറ്റിയാണ് നോളജ് സിറ്റി നിര്‍മിക്കുന്നതെന്ന പരാതികള്‍ ശക്തമായിട്ടും റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.

കോഴിക്കോട് കോടഞ്ചേരി വില്ലേജില്‍ ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ഇളവ് നേടി പ്രവര്‍ത്തിക്കുന്ന തോട്ടഭൂമി തരംമാറ്റി രണ്ട് നഗരങ്ങളാണ് ഉയരുന്നത്. ഒന്ന് കാന്തപുരത്തിന്‍റെ നേതൃത്വത്തിലുളള നോളജ് സിറ്റി. മറ്റൊന്ന് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്‍റെ ടൂറിസം പദ്ധതിയായ എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റി. നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതികളെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് നടന്ന അന്വേഷണത്തിനൊടുവില്‍ വിവിധ വകുപ്പുകള്‍ തയ്യാറാക്കിയ ഈ ഏഴ് പേജ് റിപ്പോര്‍ട്ടില്‍ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് നടത്തിയ നിയമലംഘനങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നു. എന്നാല്‍ കാന്തപുരത്തിന്‍റെ നോളജി സിറ്റിയെക്കുറിച്ച് ഒരു വാക്ക് പോലും ഈ റിപ്പോര്‍ട്ടുകളിലില്ല.

നിയമലംഘകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന ഇത്തരം പ്രഖ്യാപനങ്ങളെല്ലാം എത്രമാത്രം പരിഹാസ്യമാണെന്നറിയാന്‍ കോടഞ്ചേരിയില്‍ വന്നാല്‍ മതി. തോട്ടമായതുകൊണ്ട് മാത്രം ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ഇളവ് നല്‍കി സര്‍ക്കാര്‍ നിലനിര്‍ത്തിയതും

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുളളതുമായ ഒരു തോട്ടം ഈ വിധത്തിലൊക്കെയായിട്ടും കളക്ടര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തിന് നോളജ് സിറ്റിയുടെ പടി കടക്കാനായില്ല. കഴിഞ്ഞ ദിവസം അനധികൃതമായി നിര്‍മിച്ച ഒരു കെട്ടിടം തകര്‍ന്നപ്പോള്‍ മാത്രമാണ് ഒരു പറ്റം ഉദ്യോഗസ്ഥര്‍ക്ക് നോളജ് സിറ്റി ഒന്ന് കണ്ട് മടങ്ങാനെങ്കിലും കഴിഞ്ഞത്. തോട്ടഭൂമി തരംമാറ്റിയുളള അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര‍്ത്താ പരമ്പരയ്ക്ക് പിന്നാലെ റവന്യൂ , ഇറിഗേഷന്‍, മൈനിംഗ് ആന്‍ഡ് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകളിലെ ജില്ലാ ചുമതലയുളള ഉദ്യോഗസ്ഥരെയായിരുന്നു കളക്ടര്‍ അന്വേഷണത്തിനായി നിയോഗിച്ചത്. എന്നാല്‍ അവരുടെ അന്വേഷണമെല്ലാം കേന്ദ്രീകരിച്ചത് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രം. ഏഷ്യാനെറ്റ് ന്യൂസിന് വിവരാവകാശ നിയമപ്രകാരം ജില്ലാ കളക്ടറേറ്റില്‍ നിന്നനുവദിച്ച ഈ അന്വേഷണ റിപ്പോര്‍ട്ടുകളിലൊന്നും നോളജ് സിറ്റിയെക്കുറിച്ച് പരാമര്‍ശമില്ല. ഉന്നതതല സ്വാധനമാണ് നോളജ് സിറ്റി സംബന്ധിച്ച അന്വേഷണത്തിന് തടയിട്ടതെന്നാണ് സൂചന. റവന്യൂ വകുപ്പിന്‍റെ അന്വേഷണം നടക്കുന്ന ഘട്ടത്തിലായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നോളജ് സിറ്റി സന്ദര്‍ശിച്ച് മടങ്ങിയത്.

അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു അടുത്തിടെ കോഴിക്കോട്ട് മാധ്യമങ്ങളെ കണ്ട നോളജ് സിറ്റിയുടെ പ്രധാന ചമതലക്കാരനും കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ മകനുമായ അബ്ദുള്‍ ഹക്കീം അസ്ഹരിയുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി
പാലക്കാട് കരോൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ, വധശ്രമത്തിന് കേസെടുത്തു