സിദ്ധിഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി, എതിർപ്പില്ലെന്ന് സൊളിസിറ്റർ ജനറൽ

By Web TeamFirst Published Nov 20, 2020, 1:20 PM IST
Highlights

സിദ്ധിക്ക് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്നാണ് യുപി പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. മാധ്യമ പ്രവർത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ ഹഥ്രാസിലെത്തിയെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ദില്ലി: ഹഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി ലഭിച്ചു. വക്കാലത്ത് ഒപ്പിടാൻ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് സൊളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറലിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. കേസ് വിശദമായി പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പ് നൽകി. 

അതേ സമയം സിദ്ധിക്ക് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്നാണ് യുപി പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. മാധ്യമ പ്രവർത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ ഹഥ്രാസിലെത്തിയെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പലരേഖകളും പിടിട്ടെടുത്തിട്ടുണ്ടെന്നാണ് യുപി പൊലീസ് നിലപാട്. ഇതിന് മറുപടി നൽകാൻ പത്രപ്രവർത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ച സമയം നൽകി. ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. 

ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ ദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 46 ദിവസമായി മഥുര ജയിലിൽ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ഹാഥ്റസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്രചെയ്യവേയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ യുപി സര്‍ക്കാരിനോടും പൊലീസിനോടും മറുപടി നൽകാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു.  

click me!