
ഇടുക്കി: മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ അണക്കെട്ട് പരിശോധന തുടങ്ങി. അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ തരത്തിലുള്ള യന്ത്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. അണക്കെട്ടിന്റെ മുകളിലും ഗ്യാലറികളിലും സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങൾ സംഘം പരിശോധിച്ചു. സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തിയും പരിശോധന നടത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട് അടുത്ത ദിവസം സുപ്രീംകോടതിയിൽ സമർപ്പിക്കും.
സുപ്രീംകോടതി നിർദേശപ്രകാരം രണ്ട് സാങ്കേതിക വിദഗ്‍ധരെ കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ പരിശോധനയാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്‍ധരെയാണ് ഉൾപ്പെടുത്തിയത്. ഇറിഗേഷൻ ആന്റ് അഡ‍്മിനിസ്ട്രേഷൻ ചീഫ് എഞ്ചിനീയർ അലക്സ് വർഗീസാണ് കേരളത്തിന്റെ പ്രതിനിധി.
കാവേരി സെൽ ചെയർമാൻ ആർ.സുബ്രഹ്മണ്യമാണ് തമിഴ്നാടിന്റെ പ്രതിനിധി. കേന്ദ്ര ജല കമ്മീഷൻ അംഗം ഗുൽഷൻ രാജാണ് സമിതി അധ്യക്ഷൻ. കേരളത്തിന്റെ പ്രതിനിധിയായി ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേനയുമാണ് ഉണ്ടായിരുന്നത്. രാവിലെ തേക്കടിയിൽ നിന്ന് ബോട്ട് മാർഗ്ഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽ വേ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam