
ദില്ലി: ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനിൽക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഹൈക്കോടതി രജിസ്ട്രാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അമിക്കസ് ക്യുറിയായി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറയെ കോടതി നിയമിച്ചു.
കേരളത്തിൽ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബി എൻ എസ് എസിന്റെ 482 ആം വകുപ്പ് പ്രകാരം നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയിൽ മാത്രമാണെന്ന് സുപ്രീം കോടതി പറഞ്ഞു. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി.
കേസിൽ ഒക്ടോബർ 14 ന് വിശദമായ വാദം സുപ്രീം കോടതി കേൾക്കും.ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്ന് മുഹമ്മദ് റസൽ എന്ന വ്യക്തി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിൽ സംസ്ഥാന സർക്കാരിനായി സ്റ്റാന്റിംഗ് കോൺസുൽ ഹർഷദ് വി ഹമീദും, മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകൻ ഷിനോജ് കെ നാരായണനും ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam